കാടുകയറി പൊൻകുന്നം- കപ്പാട് റോഡ്
1601108
Sunday, October 19, 2025 11:22 PM IST
പൊൻകുന്നം: പൊൻകുന്നം - കപ്പാട് റോയൽ ബൈപാസ് റോഡിന്റെ ഇരുവശവും കാട് വളർന്ന് യാത്ര ദുഷ്ക്കരമായി. റോഡിന്റെ പകുതിയോളം കാട് വളർന്നതിനാൽ കാൽനടയാത്ര ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ ഓരം ചേർന്ന് പോകാനാവാത്ത സ്ഥിതിയാണ്.
കാടുമൂലം എതിരേ വരുന്ന വാഹനങ്ങൾ കാണാനും കഴിയാറില്ല. ഇവിടെ ഇഴജന്തുക്കളുടേയും കീരി, കുറുക്കൻ എന്നിവയുടേയും ശല്യമുണ്ട്. ഇതിനെല്ലാം ഉപരിയാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ആൾ പൂർണ നഗ്നനായി യുവതിയെ ആക്രമിക്കാൽ ശ്രമിച്ചത് റോഡിൽ കാട് വളർന്ന ഭാഗത്തുവച്ചാണ്. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഒരു കിലോമീറ്റർമാത്രമാണ് സഞ്ചാരയോഗ്യമായുള്ളത്. ശേഷിക്കുന്ന അഞ്ചു കിലോമീറ്റർ ദൂരം തകർന്നുകിടക്കുകയാണ്. റോഡിലേക്ക് വളർന്നുനിൽക്കുന്ന കാട് വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.