കൗമാരകുതിപ്പിനായി കോട്ടയം ടീം നാളെ അനന്തപുരിയിലേക്ക്
1601114
Sunday, October 19, 2025 11:22 PM IST
കോട്ടയം: അനന്തപുരിയില്‍ കൗമാരകുതിപ്പിനായി കോട്ടയം ടീം നാളെ പുറപ്പെടും. കഴിഞ്ഞ വര്‍ഷം എറണാകുളത്തു നടന്ന സംസ്ഥാന കായികമേളയില്‍ ജില്ലയ്ക്ക് എട്ടാം സ്ഥാനമായിരുന്നു. ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കോട്ടയം ടീം. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല തുടര്‍ച്ചയായി 16 വര്‍ഷം ചാമ്പ്യന്‍പട്ടം നേടിയിരുന്നു തുടര്‍ന്ന് 12 വര്‍ഷം കോട്ടയം ജില്ലയും ചാമ്പ്യന്‍പട്ടം നേടി. തുടര്‍ന്നാണ് പാലക്കാടും എറണാകുളവുമൊക്കെ കിരീടം നേടിയത്.
ഗെയിംസിലും അത്ലറ്റിക്സിലുമായി ഇത്തവണ ആയിരത്തോളം കുട്ടികളടങ്ങുന്ന ടീമാണ് കോട്ടയത്തിനുള്ളത്. ഗെയിംസില്‍ ബാസ്കറ്റ്ബോളില്‍ സ്വര്‍ണ പ്രതീക്ഷയാണുള്ളത്. അത്ലറ്റിക്സില് സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപ്, 100 മീറ്റര്‍ ആണ്, പെണ്, പോള്‍വാള്‍ട്ട് തുടങ്ങിയവയില്‍ സ്വര്‍ണം പ്രതീക്ഷിക്കുന്ന ടീം റിലേയിലും ഹര്‍ഡില്‍സിലും ജാവലിനിലും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ജില്ലാ മേളയില്‍ ദേശീയ റിക്കാര്‍ഡ് ഭേദിച്ച ജുവല്‍ തോമസ് ഇത്തവണയും സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷ. അതേപോലെ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോള്‍വാള്‍ട്ടിലും കോട്ടയം സ്വര്‍ണം ഉറപ്പിച്ചുകഴിഞ്ഞു. പാലാ സെന്റ് തോമസ് സ്കൂള്‍, പൂഞ്ഞാര്‍ എസ്എംവി, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്, ഗവ. വിഎച്ച്എസ്ഇ മുരിക്കുംവയല്‍, സെന്റ് പീറ്റേഴ്സ് സ്കൂള്‍ കുറുമ്പനാട് എന്നീ സ്കൂളുകളിലെ കുട്ടികളാണ് കൂടുതലും വിജയികളായത്.
നാളെ രാവിലെ 8.15നുള്ള ബംഗളൂരു- കന്യാകുമാരി ട്രെയിനില്‍ കോട്ടയം റവന്യു ജില്ലാ സ്പോര്‍ട്സ് സെക്രട്ടറി വി. പി. സജിമോന്റെ നേതൃത്വത്തില്‍ ടീം അനന്തപുരിക്ക് യാത്ര തിരിക്കും.