കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട
1601111
Sunday, October 19, 2025 11:22 PM IST
കോട്ടയം: കോട്ടയത്ത് വന്‍ എംഡിഎംഎ വേട്ട. ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. പുതുപ്പള്ളി, വാകത്താനം ഇരവുചിറ വെള്ളത്തടത്തില്‍ എ.കെ. അമല്‍ ദേവ് (38), ഭാര്യ ശരണ്യ രാജന് (36), ഇവരുടെ സുഹൃത്ത് ചേര്‍ത്തല മാരാരിക്കുളം പുകലപ്പുരയ്ക്കല് രാഹുല്‍ രാജ് (33) എന്നിവരാണ് പിടിയിലായത്.
മീനടം വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്പുരപ്പടിക്കു സമീപമുള്ള മഠത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. രണ്ടാഴ്ച മുന്‍പാണ് പ്രതികള്‍ ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. റോഡ് സൈഡിലുള്ള വീട് ഒരാള്‍ ഉയരത്തില്‍ ഗാർഡന് നെറ്റ് ഉപയോഗിച്ച് മറച്ചായിരുന്നു സംഘം കച്ചടവടം നടത്തിയത്.
ഇവിടെ നിന്നുമാണ് 68 ഗ്രാം എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്. ഇവര്‍ കാറില്‍ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇന്നും പതിവുപോലെ കാറില്‍ ലഹരി വില്പന നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡ്, പാമ്പാടി പോലീസ്, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നുമാണ് ഇവര്‍ എംഡിഎംഐ എത്തിച്ചിരുന്നത്. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവര്‍ എംഡിഎംഐ വില്‍പ്പന നടത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് രഹസ്യമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഈ പ്രദേശത്ത് ഇവരുടെ ഇടനിലക്കാരുണ്ടെന്നും ലഹരി വില്‍പ്പന സജീവമാണെന്നും നാട്ടൂകാര്‍ ആരോപിക്കുന്നു.
അമല്‍ദേവും രാഹുല്‍ രാജും വധശ്രമം, ലഹരി വില്പന തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്. രാഹുലിന് വാറണ്ടുള്ളതിനാല്‍ ദമ്പതികളോടൊപ്പം ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.