ബിഎസ്എൻഎൽ ഓഫീസിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞുവീണു
1601104
Sunday, October 19, 2025 11:22 PM IST
എരുമേലി: പഞ്ചായത്ത് ഓഫീസ് റോഡിൽ ബിഎസ്എൻഎൽ ഓഫീസിന്റെ അപകടത്തിലായിരുന്ന ചുറ്റുമതിലിന്റെ കുറച്ചുഭാഗം കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു. പൊളിക്കാതെ അവശേഷിച്ചിരുന്ന കരിങ്കൽകെട്ട് ഇന്നലെ നിലംപതിച്ചു.
കഴിഞ്ഞ ദിവസം മതിൽ പൊളിച്ചപ്പോൾ ഒരു ഭാഗത്ത് മതിലിനോടു ചേർന്ന് മരം നിന്നിരുന്നതിനാൽ പൂർണമായി പൊളിച്ചുമാറ്റാനായില്ല. മരം വെട്ടിമാറ്റിയ ശേഷം ബാക്കി ഭാഗം പൊളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ അവധിദിനമായതിനാൽ പണികൾ അടുത്ത ദിവസത്തേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അവശേഷിച്ചിരുന്ന ഭാഗം ഇന്നലെ ഇടിഞ്ഞു റോഡിൽ പതിച്ചത്.
ഇതോടെ മരം ചെരിഞ്ഞ നിലയിലാണ്. അപകടത്തിലായ മരം വെട്ടിമാറ്റി ഉടൻതന്നെ കരിങ്കൽകെട്ട് പൂർണമായും പൊളിച്ചുമാറ്റുമെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. മതിൽ അപകടത്തിലായതു സംബന്ധിച്ച് ദീപിക നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പൊളിച്ചുനീക്കാൻ നടപടികളായത്.