കെഎസ്ആർടിസി കെട്ടിടത്തിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞുവീണു
1601105
Sunday, October 19, 2025 11:22 PM IST
എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ കെട്ടിടത്തിന്റെ പിറകിലെ ഉയരമേറിയ കരിങ്കൽകെട്ടിന്റെ കുറച്ചുഭാഗം ഇടിഞ്ഞുവീണു. അവശേഷിക്കുന്ന ഭാഗവും ഇടിഞ്ഞ നിലയിലാണ്. മഴ തുടരുന്നതിനാൽ ഇതും ഉടൻ ഇടിഞ്ഞുവീഴുമെന്ന് ആശങ്ക.
ഇന്നലെ പുലർച്ചെ മൂന്നോടെ മെക്കാനിക്ക് വിഭാഗം മുറിയുടെ പിന്നിലേക്ക് കരിങ്കൽകെട്ടും മണ്ണും നിലംപതിക്കുകയായിരുന്നു. മതിൽ പൂർണമായും പൊളിച്ചു മാറ്റണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
അതേസമയം എരുമേലിയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലവും കെട്ടിടവും സംബന്ധിച്ച് നിലവിൽ കോടതിയിൽ തർക്കം നിലവിലുള്ളതിനാൽ മതിൽ പൊളിച്ചുമാറ്റി പുനർ നിർമിക്കുന്നതിന് കോടതി അനുമതി വേണ്ടിവന്നേക്കും. ശബരിമല സീസണിന് ഒരു മാസം മാത്രം ശേഷിക്കേ ബസ് സ്റ്റാൻഡ് കെട്ടിടം സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടില്ല. സീസണിൽ അയ്യപ്പഭക്തർ ഏറെ എത്തുന്ന സ്റ്റാൻഡിൽ ആവശ്യമായ സൗകര്യം ഒരുക്കാനും കഴിയുന്നില്ല. ബസ് പാർക്കിംഗ് സ്ഥലത്തും അപകടത്തിലായ നിലയിൽ മറ്റൊരു കരിങ്കൽ കെട്ട് ഉണ്ട്. ഇതും തകർച്ചയിലാണ്.
സ്റ്റാൻഡ് കുണ്ടും കുഴികളും നിറഞ്ഞ നിലയിലാണ്. തത്കാലത്തേക്ക് തൊട്ടടുത്ത് എതിർവശത്തുള്ള ദേവസ്വം ബോർഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ രണ്ട് മുറികൾ കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തനത്തിന് ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. മുറികൾ വിട്ടു കിട്ടാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ദേവസ്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
2018ലെ പ്രളയത്തിൽ വെള്ളം കയറിയാണ് കെഎസ്ആർടിസി ഓഫീസ് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായി ദുർബലമായത്.
സ്ഥലം സംബന്ധിച്ച് സ്വകാര്യ വ്യക്തിയും കുടുംബവും നൽകിയ ഉടമസ്ഥ അവകാശ കേസിൽ പാലാ സബ് കോടതിയിൽനിന്ന് കെഎസ്ആർടിസിയ്ക്കെതിരേയാണ് വിധി ഉണ്ടായത്. സ്വകാര്യ വ്യക്തിക്കും കുടുംബത്തിനും സ്ഥലം തിരികെ കൊടുക്കണമെന്നായിരുന്നു വിധി. ഇതിന് മൂന്ന് മാസം സാവകാശം നൽകിയിരുന്നു. ഈ കേസിൽ പാലായിലെതന്നെ ജില്ലാ കോടതി ബഞ്ചിൽ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജി തീർപ്പായിട്ടില്ല.