വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, ഭവനനിര്‍മാണ മേഖലകൾക്കു മുന്‍ഗണന
1532945
Friday, March 14, 2025 10:45 PM IST
വാഴൂര്‍: ആരോഗ്യ, ഭവനനിര്‍മാണ മേഖലകൾക്കു മുന്‍ഗണന നല്കി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. 35,85,75,909 രൂപ വരവും 35,78,23,840 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 7,52,069 രൂപ മിച്ചമുണ്ട്.
ഇടയരിക്കപ്പുഴ, കറുകച്ചാൽ കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 1.60 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ ആരംഭിക്കുന്നതിന് 80 ലക്ഷം രൂപ വകയിരുത്തി.
ലൈഫ്, പിഎംഎവൈ ഭവന പദ്ധതികൾക്കായി 60 ലക്ഷവും ക്ഷീരമേഖലയ്ക്കും ക്ഷീരകർഷകർക്കും കൈത്താങ്ങാവുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് അനുവദിക്കുന്നതിനും ക്ഷീരകർഷകർക്കു വൈക്കോൽ സബ്സിഡിക്കായും തുക മാറ്റിവച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കായി മാതൃകാ കൂൺ ഗ്രാമത്തിനും ജൈവ മഞ്ഞൾ കൃഷിക്കും തുക വകയിരുത്തി. മാലിന്യ സംസ്കരണവും സൗന്ദര്യവത്കരണത്തിനുമായി ചെറുവള്ളിയിൽ എന്റെ ഗ്രാമം സുന്ദരഗ്രാമം പദ്ധതി നടപ്പാക്കും.
എസ്സി വനിതകൾക്ക് ബ്യൂട്ടീഷൻ കോഴ്സും ബ്യൂട്ടി പാർലർ സ്ഥാപിക്കുന്നതിനുമായി ബ്യൂട്ടി ക്യൂൻ പദ്ധതി നടപ്പാക്കും. ചാമംപതാലിൽ വനിതാ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിനായി 25 ലക്ഷവും കുടിവെള്ള പദ്ധതികൾക്കായി 50 ലക്ഷം രൂപയും വകയിരുത്തി.