സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിംഗും പൂർത്തിയായി
1515141
Monday, February 17, 2025 10:41 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബിആർസിയുടെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട 32 സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിംഗും പൂർത്തിയായി. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് വിലയിരുത്താനും ചോദ്യം ചെയ്യുന്നതിനും സഹായകമായ സോഷ്യൽ ഓഡിറ്റ് സംവിധാനം ആദ്യമായി എസ്എസ്കെയിൽ നടപ്പിലാക്കുന്നത് കിലയുടെ നേതൃത്വത്തിലാണ്.
2023-24 വർഷത്തിൽ എസ്എസ്കെ നടപ്പിലാക്കിയ പ്രവർത്തനങ്ങളും അതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ്, മറ്റ് ഏജൻസികൾ എന്നിവ വഴി സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ഓഡിറ്റിന് വിധേയമായി. സ്കൂളിന്റെ ഭൗതിക സാഹചര്യം, കുട്ടികളും അധ്യാപകരുമായി ബന്ധപ്പെട്ടവ, സാമ്പത്തിക വിശകലനം, സ്കൂൾ സുരക്ഷ, പരിശീലനങ്ങൾ, ശുചിത്വം, അക്കാദമികം തുടങ്ങിയ മേഖലകളിൽ സാഫ്റ്റ് അംഗങ്ങൾ സ്കൂളിൽ നടത്തിയ പരിശോധനയുടെയും സ്കൂൾ സഭയുടെയും അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങളാണ് പബ്ലിക് ഹിയറിംഗിൽ അവതരിപ്പിച്ചത്.
ഓരോ സ്കൂളിൽനിന്നും അവതരിപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പരാതികൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളും വകുപ്പ് മേധാവികളും മറുപടി നൽകി. ആവശ്യമായ ഇടപെടലുകൾ നടത്താൻ എല്ലാവിധ പിന്തുണയും അധികാരികൾ ഉറപ്പു നൽകി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ അജാസ് വാരിക്കാടൻ, എഇഒ എസ്. സുൾഫിക്കർ, ഡിഇഒ ജൂണിയർ സൂപ്രണ്ട് തുളസിമണി, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബിആർസി ട്രെയിനർമാരായ റീബി വർഗീസ്, സി.ആർ. രാജശേഖരൻ, വി.എസ്. സൗമ്യ, പഞ്ചായത്തംഗങ്ങൾ, സ്കൂൾ എച്ച്എംമാർ, സാഫ്റ്റ് മെംബേഴ്സ്, പിടിഎ, എംപിടിഎ, എസ്എംസി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.