ഹേമലത പ്രേംസാഗര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1513835
Thursday, February 13, 2025 11:51 PM IST
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. ഏഴിനെതിരെ 14 വോട്ടുകള്‍ക്കാണ് ഹേമലത വിജയിച്ചത്. ഹേമലതയ്ക്ക് 14 വോട്ടും എതിര് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിലെ റോസമ്മ സോണിക്ക് ഏഴ് വോട്ടുകളും ലഭിച്ചു.
ബിജെപി അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പിന് എത്തിയില്ല.
കങ്ങഴ ഡിവിഷനില്‍നിന്നുള്ള അംഗമാണ് ഹേമലത. 2003-2005 കാലയളവില്‍ വെള്ളാവൂര്‍ പഞ്ചായത്തംഗമായിരുന്നു. 2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു.
2005 കാലത്ത് വെള്ളാവൂര്‍ സഹകരണ ബാങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വെള്ളാവൂര്‍ സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ്. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഭര്‍ത്താവ്: പ്രേംസാഗര്‍. മക്കള്‍: സ്വാതി സാഗര്‍, സൂര്യ സാഗര്‍. മുന്നണി ധാരണപ്രകാരം കെ.വി. ബിന്ദു രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ വരണാധികാരിയായിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ബി. ബിനു, കെ. അനില്‍കുമാര്‍, സി.കെ. ശശിധരന്, രാധാ വി.നായര്‍, നിര്‍മല ജിമ്മി, കെ.വി. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
"സ്ത്രീ ശക്തീകരണത്തിന്
പ്രാധാന്യം നല്‍കും'
കോട്ടയം: സ്ത്രീ ശക്തീകരണത്തിനും ബോധവത്കരണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍. സമീപകാലത്തുണ്ടായ പല തട്ടിപ്പുകേസുകളിലും ഇരയാക്കപ്പെട്ടവര്‍ സത്രീകളാണ്. അങ്ങനെയുള്ള അബദ്ധങ്ങളില്‍പ്പെടാതിരിക്കാന്‍ ബോധവത്കരിക്കുകയും നിയമസഹായം നല്‍കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ഹേമലത പറഞ്ഞു.