ലോക ഭക്ഷ്യദിനത്തിലും വിശപ്പുരഹിത കോട്ടയത്തിന്റെ അമരക്കാരനായി പി.യു. തോമസ്
1600454
Friday, October 17, 2025 6:54 AM IST
ഗാന്ധിനഗര്‍: കോട്ടയം നഗരത്തെ വിശപ്പ് രഹിത നഗരമായി പ്രഖ്യാപിച്ചതിനു പിന്നില്‍ ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന്റെ പങ്ക് നിര്‍ണായകമാണ്. 1966 ല്‍ 17-ാം വയസില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സമീപത്തു കിടന്നിരുന്ന രാമചന്ദ്രന് ഒരു പൊതിച്ചോര്‍ നല്കാന് കാരണമായതാണ് 77-ാവയസിലും വിശക്കുന്നവരെ കണ്ടെത്തി ആഹാരം നല്കാന് തോമസിനു പ്രേരണയായത്.
ഒരു പൊതിച്ചോറില്‍ നിന്നാരംഭിച്ച കാരുണ്യപ്രവര്‍ത്തനം ഇന്ന് ഒരു ദിവസം 5000 ത്തിലേറെപ്പേരുടെ വിശപ്പ് ഇല്ലാതാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്കളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പ് മാറ്റുന്നതും നവജീവന്‍ ട്രസ്റ്റാണ്. വിശപ്പ് മാറ്റുന്നതോടൊപ്പം ആരോരുമില്ലാത്തവരുടെയും നാഥനാണ് ഇദ്ദേഹം.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ 160ല്‍ അധികം ആളുകള്‍ നവജീവന്റെ സന്തതികളാണ്. കൂടാതെ കിഡ്നി, കാന്‍സര്‍ രോഗം മൂലം ഒരു നേരത്തിന് വകയില്ലാത്ത 130 കുടുംബങ്ങള്‍ക്ക് മാസം 3000 രൂപ വീതം നൽകുന്നുണ്ട്.
ഇവരുടെ മരണശേഷം മറ്റൊരു ജീവത മാര്‍ഗം കുടുംബത്തിന് ഉണ്ടാകുന്നതു വരെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതിനൊക്കെ പുറമേ ചികിത്സാ സഹായങ്ങളും വീട്ടുചെലവിനും ഇവരില്‍ ചിലര്‍ക്ക് വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്കും സഹായം നല്കിവരുന്നതും നവജീവനാണ്.