ഏറ്റുമാനൂർ മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണം ഉടൻ
1485672
Monday, December 9, 2024 7:15 AM IST
ഏറ്റുമാനൂർ-അതിരമ്പുഴ, അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം, മാന്നാനം-വാര്യമുട്ടം-അമ്പലക്കവല റോഡുകൾ
ഏറ്റുമാനൂർ: നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡുകളുടെ നവീകരണം ഉടൻ തുടങ്ങും. ഏറ്റുമാനൂർ-അതിരമ്പുഴ റോഡ്, അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡ്, മാന്നാനം-വാര്യമുട്ടം-അമ്പലക്കവല റോഡ് എന്നീ റോഡുകളുടെ നവീകരണമാണ് നടക്കുന്നത്.
ഇവയിൽ ഏറ്റുമാനൂർ-അതിരമ്പുഴ, അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡുകളുടെ ടാറിംഗ് അതിരമ്പുഴ തിരുനാളിനു മുമ്പായി പൂർത്തിയാക്കും.
ഏറ്റുമാനൂർ-അതിരമ്പുഴ റോഡിന് 1.4 കോടി രൂപയും അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡിന് 85 ലക്ഷം രൂപയും മാന്നാനം-വാര്യമുട്ടം-അമ്പലക്കവല റോഡിന് 1.4 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക ഇടപെടലിലാണ് മൂന്നു റോഡുകൾക്ക് തുക അനുവദിച്ചത്.
മൂന്നു റോഡുകളും തകർന്ന നിലയിലാണ്. ഒട്ടേറെ സ്ഥലങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം ബുദ്ധിമുട്ടിലായിരുന്നു. അതിരമ്പുഴ-യൂണിവേഴ്സിറ്റി-മാന്നാനം റോഡിൽ വേലംകുളത്തിനു സമീപം ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്ന ഭാഗം റോഡ് നിരപ്പിൽനിന്നു താഴ്ന്ന് വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയിലാണ്. ഇവിടെ റോഡ് ഉയർത്തിയ ശേഷം ഇന്റർലോക്ക് കട്ടകൾ പാകും.
അതിരമ്പുഴ ടൗൺ വികസനത്തോടനുബന്ധിച്ച് ടൗൺ ഉൾപ്പെടെ 400 മീറ്ററോളം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്തിരുന്നു. റോഡുകൾ ടാർ ചെയ്യുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും.
പൈപ്പുകൾ പൊട്ടുന്നത് ഭീഷണിയാകും
ഏറ്റുമാനൂർ - അതിരമ്പുഴ റോഡിൽ ഉപ്പുപുരയ്ക്കൽ ജംഗ്ഷൻ മുതൽ അതിരമ്പുഴ ടൗൺ വരെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഈ ഭാഗത്ത് ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് തകരുന്നത് പൈപ്പ് പൊട്ടുന്നതു മൂലമാണ്.
കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാതെ പ്രശ്നത്തിനു പരിഹാരമാകില്ല. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ഉടൻ നടപടി ഉണ്ടാകുകയുമില്ല. അതുകൊണ്ടു തന്നെ റോഡ് നവീകരിച്ചാലും അധികം വൈകാതെ തന്നെ റോഡ് തകരാനുള്ള സാധ്യത നിലനിൽക്കുകയാണ്.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിച്ച പാറോലിക്കൽ-മുട്ടപ്പള്ളി റോഡ് ഇതുപോലെ പൈപ്പ് പൊട്ടി പലയിടത്തും തകരുകയുണ്ടായി. അതേ സാഹചര്യമാണ് ഏറ്റുമാനൂർ-അതിരമ്പുഴ റോഡിലും നിലനിൽക്കുന്നത്.