ലഹരിക്കെതിരേ നടത്തിയ അഖിലകേരള ചെസ് ടൂർണമെന്റ് കുട്ടികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി
1601338
Monday, October 20, 2025 7:25 AM IST
തലയോലപ്പറമ്പ്: മദ്യത്തിനും മയക്കുമരുന്നിനും രാസലഹരിക്കുമെതിരേ കൗമാരക്കാരെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ തലയോലപ്പറമ്പ് എസിഇടിടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ചെസ് ടൂർണമെന്റിൽ മത്സരാർഥികളായി മാറ്റുരച്ചത് ആറു മുതൽ 86 വയസുവരെ പ്രായമുള്ളവർ. മത്സരം കുട്ടികളുടെ വലിയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. തമിഴ്നാട്ടിൽനിന്ന് നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാനെത്തിയതും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ ഹാളിൽ നടന്ന ടൂർണമെന്റ് തലയോലപ്പറമ്പ് എസ്എച്ച്ഒ വിപിൻചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി250ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് ആകെ ഒരു ലക്ഷത്തോളം രൂപയാണ് സമ്മാനമായി നൽകിയത്.
മത്സരത്തിൽ മുഹമ്മദ് റിജ, മുഹമ്മദ്ഫസൽ, എസ്. സനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളോടെ കാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി. എസിഇടിടി ചെയർമാൻ വി.കെ. രമേശൻ, ജനറൽ കൺവീനർ ബിനുമോഹൻ, രക്ഷാധികാരി എം.ടി. തര്യച്ചൻ, ക്ലബ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കുട്ടൻ, ക്ലബ് സെക്രട്ടറി ബിജു പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.