മേല്‍പ്പാല നിര്‍മാണത്തിന് വഴിതെളിയുന്നു; പരാതിക്കാരുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
1601336
Monday, October 20, 2025 7:25 AM IST
കടുത്തുരുത്തി: നിയമക്കുരുക്കില്പ്പെട്ടും അധികൃതരുടെ മെല്ലെപ്പോക്കുംകൊണ്ട് നിര്‍മാണം തുടങ്ങാന്‍ കാലതാമസം നേരിട്ട കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് വീണ്ടും വഴിതെളിയുന്നു. മേൽപ്പാല നിര്‍മാണത്തിനു തടസവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ടുപേര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് മേല്‍പാലം നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീങ്ങിയത്. പ്രദേശവാസികളായ കെ.ജെ. ജയിംസ്, അലക്സ് തയ്യില്‍ എന്നിവര്‍ നല്‍കിയിരുന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
പരാതിക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന തടസഹര്‍ജി ഡിവിഷന് ബെഞ്ച് ജൂണില്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരാതിക്കാരുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടാക്കാട്ടിയാണ് സുപ്രീംകോടതിയിലെ ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ ഹര്‍ജി നിരാകരിച്ചത്.
ഹര്‍ജി തള്ളിയതോടെ റെയില്‍വേക്കും സര്‍ക്കാരിനും മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാം. തടസങ്ങളെല്ലാം നീങ്ങിയതോടെ ഉടന്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേല്‍പ്പാലം പദ്ധതിയുടെ പിന്നിട്ട വഴി
ആലപ്പുഴ- മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയില്‍വേയുടെ ലവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 2015-ലാണ് റെയില്‍വേ അംഗീകാരം നല്‍കിയത്. 2018-ലെ സംസ്ഥാന ബജറ്റിലാണ് പാലം നിര്‍മാണത്തിനുള്ള 30.56 കോടി രൂപ അനുവദിച്ചത്. റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) സമര്‍പ്പിക്കുകയും, റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തിരുന്നു.
പൊന്നുംവില നടപടി അനുസരിച്ചു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥലവിലയും കെട്ടിടവില നിര്‍ണയവും നടത്തി. തുടര്‍ന്ന് രണ്ടുപേര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് റെയില്‍വേയോട് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നു കോടതി നിര്‍ദേശിച്ചു.
ഇതോടെ മേല്‍പാലം നിര്‍മാണത്തിന്റെ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു. ഇത് സുപ്രീംകോടതിവരെ നീണ്ടുപോകുകയായിരുന്നു. സര്‍ക്കാരിനും റെയില്‍വേക്കും ഒപ്പം മാഞ്ഞൂര്‍ വികസന സമിതിയും കേസില്‍ കകഷി ചേര്‍ന്നിരുന്നു. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച മേല്പാലങ്ങളുടെ കൂട്ടത്തില്‍ കുറുപ്പന്തറ മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു. കേസ് മൂലം നടപടികള്‍ നടക്കാതെ പോവുകയായിരുന്നു.
ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും
റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. മേല്‍പ്പാല നിര്‍മാണത്തിന്റെ ചുമതലയുള്ള കേരള റെയില്‍ ഡെവലപ്മെന്റ് കോർപറേഷൻ അധികൃതരും റവന്യു അധികൃതരും ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു പരിശോധന നടത്തി.
മേല്‍പ്പാലത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു വക്തിയുടെ ഭൂമികൂടി ഏറ്റെടുക്കാനുണ്ട്. ഇത് ഈ ആഴ്ചതന്നെ ഏറ്റെടുക്കും.
നിര്‍മാണത്തിന് തടസവാദം ഉന്നയിച്ച് രണ്ട് വ്യക്തികള്‍ നല്കിയ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് സ്ഥലം ഏറ്റെടുപ്പു നടപടികള്‍ റവന്യു വകുപ്പ് വേഗത്തിലാക്കിയത്. കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇരട്ടപ്പാത പൂര്‍ത്തിയായതോടെ സ്റ്റേഷനോട് ചേര്‍ന്നുള്ള കുറുപ്പന്തറ റെയില്‍വേ ക്രോസില്‍ നാല് ട്രാക്കുകളുണ്ട്. റെയില്‍വേ ക്രോസ് അടയ്ക്കുന്ന സമയത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.