അയര്‍ക്കുന്നത്ത് വീട് കുത്തിത്തുറന്ന് 12 പവനും 28,000 രൂപയും മോഷ്ടിച്ചു
1601331
Monday, October 20, 2025 7:14 AM IST
അയര്‍ക്കുന്നം: അയര്ക്കുന്നത്തിനു സമീപം കല്ലിട്ടനടയില്‍ വീട് കുത്തിത്തുറന്ന് 12 പവന് സ്വര്‍ണാഭരണങ്ങളും 28,000 രൂപയും മോഷ്ടിച്ചു.
കല്ലിട്ടനട കൊങ്ങാണ്ടൂര്‍ പോളക്കല്‍ ബെന്നി ചാക്കോയുടെ വീടിന്റെ പിന്‍ഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഇന്നലെ രാവിലെ 6.30നു ബെന്നിയും ഭാര്യയും പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.
സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന മകള്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 8.30നു തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ ഇരുനിലകളിലുമുണ്ടായിരുന്ന അലമാരകള്‍ കുത്തിത്തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അയര്‍ക്കുന്നം പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.