പ്രളയ ബാധ്യത മേഖലയോടുള്ള അവഗണന: കോൺഗ്രസ് ഉപവാസം നാളെ
1461039
Monday, October 14, 2024 11:37 PM IST
മുണ്ടക്കയം: പ്രളയ ദുരന്തത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും സർക്കാർ അതിജീവന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഉപവാസസമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
21 ആളുകൾ മരിക്കുകയും 34 പാലങ്ങൾ നശിക്കുകയും നിരവധി വീടുകൾ നഷ്ടമാകുകയും ചെയ്ത പ്രളയത്തിൽ സന്നദ്ധസംഘടനകളുടെ ശ്രമഫലമായാണ് അതിജീവനം പകുതിയെങ്കിലും പിന്നിട്ടതെന്നും കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. പാലങ്ങളുടെ നിർമാണങ്ങളുടെ കാര്യങ്ങളിൽ വീഴ്ച വരുത്തി. ജനങ്ങളെ കബളിപ്പിക്കാൻ സർക്കാരും എംഎൽഎയും പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ചെയ്തത്. ദുരന്തത്തിൽ അകപ്പെട്ട ആളുകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നും ഈ സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ അബ്ദു ആലസംപാട്ടിൽ, കെ.എൻ. വിനോദ്, റെജി വാര്യാമറ്റം, ഷിയാദ് കൂട്ടിക്കൽ എന്നിവർ പങ്കെടുത്തു.