കാട്ടുപന്നിശല്യം: 138 എംഎൽഎമാർക്കും ഇ-മെയിൽ അയച്ച് കർഷകമുന്നേറ്റം
1460573
Friday, October 11, 2024 6:55 AM IST
നെടുംകുന്നം: കേരളത്തിലെ കാർഷിക മേഖലയിൽ അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന കാട്ടുപന്നി ശല്യം ഒഴിവാക്കാൻ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് നെടുംകുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കർഷക മുന്നേറ്റം ചേലക്കര, പാലക്കാട് ഒഴികെയുള്ള കേരളത്തിലെ 138 നിയമസഭാമണ്ഡലങ്ങളിലെ എംഎൽഎമാർക്കും ഇമെയിൽ സന്ദേശം അയച്ചു.
ഈ നിയമസഭാ സമ്മേളനത്തിൽത്തന്നെ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടുപന്നി ശല്യം മൂലം കാർഷിക മേഖല അപ്പാടെ സ്തംഭിക്കുന്ന സ്ഥിതിയാണ്.
കൃഷിക്ക് ഉപയോഗിക്കുന്ന ജൈവവളമായ ചാണകത്തിൽ അടങ്ങിയിരിക്കുന്ന പുഴുക്കളെ തിന്നൊടുക്കുന്ന കാട്ടുപന്നികൾ എല്ലാത്തരം കൃഷികളെയും ആക്രമിക്കുകയാണ്. കേരളത്തിലെ ഏറ്റവും സാധാരണ കൃഷി ആയ കപ്പ പോലും പ്രതിസന്ധി നേരിടുകയാണ്. അനേകം കർഷകർ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. പലസ്ഥലങ്ങളിലും കപ്പയുടെ വില അനിയന്ത്രിതമായി വർധിച്ചിട്ടുമുണ്ട്. കാട്ടുപന്നിയെ പിടികൂടാൻ ഇന്നുള്ള പ്രാകൃത നിയമം മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം.
കാട്ടുപന്നിയെ പിടികൂടാനുള്ള അവകാശം അതത് പഞ്ചായത്തിലുള്ളവർക്ക് നൽകണം. പിടികൂടിയ കാട്ടുപന്നിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിന് പകരം സ്പോട്ടിൽ ലേലം ചെയ്തു വിൽക്കണം. അങ്ങനെ ലഭിക്കുന്ന തുക പഞ്ചായത്തിന്റെ തനതു ഫണ്ടിലേക്ക് ചേർക്കണം. ഇപ്പോൾ ഈ വിഷയത്തിലുള്ള പല നിയമങ്ങളും പ്രായോഗികമല്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.
നെടുംകുന്നം അക്ഷയ കേന്ദ്രത്തിൽ നടന്ന 138 എംഎൽഎമാർക്കും ഇമെയിൽ സന്ദേശം അയയ്ക്കുന്ന പരിപാടി മുൻ ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. അഡ്വ.പി.സി. മാത്യു, സാബു കെ.ഡി., ബാബു ജോൺസൺ കോശി, വി.വി. സാബു, സദാശിവൻ സിബി, സിജോ പി. ജേക്കബ്, സന്തോഷ് നിലപ്പൊടിഞ്ഞ എന്നിവർ നേതൃത്വം നൽകി.