ബിലാലും മഹിതയും അതിവേഗ താരങ്ങൾ
1458757
Friday, October 4, 2024 3:19 AM IST
പാലാ: 100 മീറ്ററില്‍ പുരുഷ, വനിതാ വിഭാഗം മത്സരങ്ങളില്‍ സ്വര്‍ണമണിഞ്ഞ് ചങ്ങനാശേരി എസ്ബി കോളജിലെ ബിലാല്‍ ഷെരീഫും പാലാ അല്‍ഫോന്‍സാ കോളജിന്റെ എ.എല്‍. മഹിതമോളും മേളയിലെ അതിവേഗതാരങ്ങളായി.
സ്പോര്‍ട്സ് കൗണ്‍സില്‍ താരമായ ബിലാല്‍ രണ്ടാം വര്‍ഷ ഫിസിക്സ് ബിവോക്ക് വിദ്യാര്‍ഥിയാണ്. 2022ല്‍ ജില്ലാ അത്ലറ്റിക്സില് 18 വയസില്‍ താഴെ വിഭാഗത്തിന്റെ 100 മീറ്ററിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ എ.ആര്. സുരാജിന്റെ ശിക്ഷണത്തിലാണ് പരിശീലനം.
ഈരാറ്റുപേട്ട ചേരിമറ്റത്തില് സി.എം. ഷെരീഫിന്റെയും ആമിനയുടെയും നാല് മക്കളില്‍ മൂന്നമാനാണ്. പാലാ അല്‍ഫോന്‍സ കോളജില്‍ എംഎ പൊളിറ്റിക്സ് വിദ്യാര്‍ഥിയാണ് മഹിത. ആലപ്പുഴ കളര്‍കോട് കക്കരിയില്‍ ലുജുമോന്-റോസമ്മ ദമ്പതികളുടെ മകളാണ്.
20 വയസിൽ താഴെ വിഭാഗം സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റില്‍ കോട്ടയം സിഎംഎസ് കോളജിലെ എസ്. സംഗീതും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ എന്‍. ശ്രീനയുമാണ് ഒന്നാമത്.
18 വയസില്‍ താഴെ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്റില്‍ കുമരകം ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി അഭിറാം കെ. ബിനുവും പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥി എസ്എച്ച് സ്പാര്‍ട്സ് ഹോസ്റ്റല്‍ താരം ആജല്‍ പയസുമാണ് ജേതാക്കള്‍.