ബൈപാസ് നിർമാണം വൈകുന്നു; കറുകച്ചാലിൽ ഗതാഗതക്കുരുക്ക് നീളുന്നു
1454723
Friday, September 20, 2024 7:23 AM IST
കറുകച്ചാൽ: ബൈപാസ് പദ്ധതി കടലാസിൽ ഉറങ്ങുന്നു. കറുകച്ചാൽ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നെത്തല്ലൂർ ജംഗ്ഷൻ മുതൽ കറുകച്ചാൽ സെൻട്രൽ ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെയാണ് ബൈപാസ് എന്ന ആശയം രൂപപ്പെട്ടത്. ഇപ്പോൾ ഈ ആശയം കടലാസ് പദ്ധതിയായെന്നാണ് ആക്ഷേപം. കറുകച്ചാൽ ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നാരംഭിച്ച് ബംഗ്ലാംകുന്ന് വഴി നെത്തല്ലൂർ കുരിശുപള്ളിക്കവലയിൽ കോട്ടയം റോഡുമായി ബന്ധിക്കുന്ന പിഡബ്ലുഡി റോഡാണ് നിർദ്ദിഷ്ട ബൈപാസ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കറുകച്ചാൽ ടൗണിൽ അഭൂതപൂർവമായ വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്. കോട്ടയം റോഡിൽനിന്നും വാഴൂർ റോഡിൽനിന്നും ടൗണിലേക്ക് വന്ന വാഹനങ്ങൾ മണിക്കൂറുകൾ വഴിയിൽ കിടന്നു. ബൈപാസ് നിർമാണത്തിന് മൂന്നു കോടി രൂപ അനുവദിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ബൈപാസിന്റെ നിർമാണം എന്നു തുടങ്ങുമെന്ന് അധികൃതർക്കും നിശ്ചയമില്ല. രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് നവീകരിച്ച് നിർമാണം പൂർത്തിയാകുന്നതോടെ ചങ്ങനാശേരി-വാഴൂർ റോഡിൽ കറുകച്ചാൽ ടൗൺ മുതൽ നെത്തല്ലൂർ വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിയും.
കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ടൗണിലേക്കും ചങ്ങനാശേരി, മല്ലപ്പള്ളി, മണിമല തുടങ്ങിയ ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾക്ക് നെത്തല്ലൂരിലെത്താതെ യാത്ര തുടർന്ന് സമയ, ദൂരങ്ങൾ ലാഭിക്കാം. ബൈപാസ് നിർമാണം വൈകുന്നതിൽ ആക്ഷേപം ഉയർന്നപ്പോൾ മരാമത്ത് അധികൃതർ ജൽജീവൻ മിഷനെ ചാരി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതാണ് നിർമാണത്തിന് തടസമെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ നിലപാട്. റോഡ് കുഴിച്ച് പൈപ്പുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രമേ നിലവിൽ ബൈപാസിന്റെ ടെൻഡർ നടത്താൻ കഴിയൂ. റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. കുഴികൾ പൂർണമായി നികത്താതിനാൽ കഴിഞ്ഞ ദിവസം ഈ റോഡിലെ കുഴിയിൽ ഒരു ലോറി കുടുങ്ങുകയും ചെയ്തു.
റോഡിന്റെ ഒരു വശത്ത് മാത്രമാണ് ഇപ്പോൾ പൈപ്പ്ലൈൻ സ്ഥാപിച്ചിരിക്കുന്നത്. മറുവശത്തും പൈപ്പ്ലൈൻ പൂർണമായി സ്ഥാപിക്കാൻ ഇനിയും വൈകും. ഇത് മൂലം ബൈപാസ് നിർമാണം ഇനിയും നീളാനാണു സാധ്യത. റോഡിലെ പഴയ കലുങ്കുകളിൽ ചിലത് പൊളിച്ച് പണിയാനായി ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് പൊതുമരാമത്തുവകുപ്പ്.