പരിസ്ഥിതി ലോലം: തുലാപ്പള്ളിയിൽ പ്രതിഷേധം ഇരമ്പി
1454208
Thursday, September 19, 2024 12:02 AM IST
കണമല: പമ്പാവാലി, തുലാപ്പള്ളി പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിനെതിരേ തുലാപ്പള്ളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരത്തിൽ ജനങ്ങൾ ഒന്നടങ്കം അണിനിരന്നു.
കിഫ ഭാരവാഹി അഡ്വ. ജോണി ജോർജ് വിഷയാവതരണം നടത്തി. കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളെയാണ് ഇഎസ്എയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മുന്പ് അത് 123 ആയിരുന്നെങ്കിൽ ഇപ്പോൾ എട്ട് വില്ലേജുകൾ കൂടിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ഈ വിജ്ഞാപനത്തിൽ കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പ്രൊപ്പോസൽ ജിയോ കോർഡിനേറ്റ് സഹിതമുള്ള മാപ്പുകൾ അടക്കം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. എന്നാൽ, കേരളത്തിന്റെ മാപ്പോ പ്രൊപ്പോസലോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഇല്ല എന്നതിന്റെ വിശദീകരണവും നിർദേശവും വിജ്ഞാപനത്തിൽ കൊടുത്തിട്ടുണ്ട്. കേരളം ഇതുവരെ പ്രൊപ്പോസൽ നൽകിയിട്ടില്ലെന്നും എന്നാൽ കേരളത്തിലെ ഇഎസ്എ എന്നത് 9,993 ചതുരശ്ര കിലോമീറ്റർ ആയി കണക്കാക്കിയിട്ടുണ്ടെന്നും മാപ്പ് കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ അത് നോക്കി തങ്ങളുടെ പരാതികൾ ഉണ്ടെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് 30ന് അകം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മെയിൽ ഐഡിയിലേക്കോ, തപാൽ വഴിയായോ അയച്ചുകൊടുക്കണമെന്നുമാണ് കേന്ദ്ര വനം പരസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ജനങ്ങൾ ഓൺലൈനിൽ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ കയറി മാപ്പ് തിരയും.
എന്നാൽ അവിടെ അങ്ങനെ ഒരു മാപ്പില്ലെന്ന് അഡ്വ. ജോണി കെ. ജോർജ് പറഞ്ഞു. അതേസമയം, മറ്റ് വകുപ്പുകളുടെ വെബ്സൈറ്റുകൾ പരിശോധിച്ചാൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സൈറ്റിൽ പ്രൊപ്പോസഡ് ഇഎസ്എ ഓഫ് കേരള എന്ന ലിങ്കിൽ രണ്ടു മാപ്പുകൾ കാണാം. ഒന്നിൽ ഇഎസ്എ വില്ലേജുകൾ പൂർണമായും മറ്റൊന്നിൽ ഇഎസ്എ ബൗണ്ടറികൾ ഉൾപ്പെടുത്തിയും രണ്ടു മാപ്പുകൾ ആണ് അത്. മറ്റൊരു വിവരണവും കാണാനില്ല. രണ്ടും ഷെയിഡുകൾക്കുള്ളിലാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉള്ളിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് കാണാനാകില്ല. സ്വാഭാവികമായും ഇത് വീണ്ടും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ജൂണിൽ പ്രസിദ്ധപ്പെടുത്തിയ മാപ്പാണ് ഇവ.
അതുകൊണ്ടുതന്നെ ജൂലൈ 31ന് വന്ന വിജ്ഞാപനവുമായി ഒരു ബന്ധവുമില്ല. 98 വില്ലേജുകൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ പഞ്ചായത്തുകൾക്ക് പ്രൊപ്പോസൽ ഏരിയയുടെ മാപ്പും നിർദേശവും ലഭിച്ചതനുസരിച്ച്, അതാത് പഞ്ചായത്തുകൾ തെറ്റുകൾ ഉണ്ടെന്നു മനസിലാക്കി ഫീൽഡിൽ സർവേ നടത്തി തിരുത്തലുകൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ, ഇതിന്റെയൊന്നും മുകളിൽ നടപടി ആവുകയോ മാപ്പുകളിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ പി.ജെ. സെബാസ്റ്റ്യൻ, ജിനേഷ് വേങ്ങത്താനം, ബിജു പുള്ളോലിൽ, പ്രസാദ് കുളങ്ങര, കെ.സി. ജോർജുകുട്ടി, സിബി അഴകത്ത് എന്നിവർ പ്രസംഗിച്ചു.
ഫാ. എബിൻ തോമസ്, ഫാ. ബെന്നി തട്ടാംപറമ്പിൽ, ഫാ. ജെയിംസ് തെക്കേമുറി, ഫാ. മാത്യു നിരപ്പേൽ തുടങ്ങിയവർ പങ്കെടുത്തു. രാജീവ് ചീങ്കല്ലേൽ, അനിൽ മാമൂട്ടിൽ, സിബി, അനീഷ് വേങ്ങത്താനം, എന്നിവർ നേതൃത്വം നൽകി.