ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതിയുമായി കെഎസ്ഇബി
1451993
Monday, September 9, 2024 11:46 PM IST
പാലാ: കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ കാട്ടുപള്ളകള്‍ കയറി മൂടിയത് നീക്കാന്‍ ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതിക്ക് കെഎസ് ഇബി പാലാ ഡിവിഷനില്‍ തുടക്കമായി. കാട്ടുപള്ളകളും വള്ളിച്ചെടികളും കയറിയ ട്രാന്‍സ്ഫോര്‍മറുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുവരുത്തുന്നതിനുമപ്പുറം പൊതുജനങ്ങള്‍ക്കും കെഎസ്ഇബി ജീവനക്കാര്‍ക്കും ഇത് അപകടഭീഷണി ഉയര്‍ത്തുന്നവയുമാണ്.
പാലാ ഡിവിഷനുകീഴില്‍ പലയിടങ്ങളിലും കാടുകയറിയ ട്രാന്‍സ്ഫോര്‍മറുകളുണ്ട്. പാലാ നഗരത്തിൽ ജനതാ റോഡില്‍ മക്കിടി ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മറില്‍ കാട്ടുപള്ളകള്‍ കയറിയ വിവരം നാട്ടുകാര്‍ പാലാ കെഎസ്ഇബി അധികാരികളെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലാ ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനിയര്‍ യു. ഉണ്ണികൃഷ്ണന് മുന്‍കൈയെടുത്താണ് ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതി ആരംഭിക്കുന്നത്.
സാധാരണയായി ട്രാന്‍സ്ഫോര്‍മറില്‍ ചുറ്റിക്കിടക്കുന്ന കാട്ടുപള്ളകളുടെ ചുവടുകള്‍ വെട്ടിമാറ്റുക മാത്രമേ ജീവനക്കാര്‍ ചെയ്യാറുള്ളൂ. പിന്നീട് മേല്‍ഭാഗം ഉണങ്ങിക്കരിഞ്ഞ് പോകുകയാണ് പതിവ്. എന്നാല്‍ ഓപ്പറേഷന് ക്ലീന്‍ ട്രാന്‍സ്ഫോര്‍മര്‍ പദ്ധതി പ്രകാരം ട്രാന്‍സ്ഫോര്‍മറില്‍ കയറിക്കിടക്കുന്ന മുഴുവന്‍ വള്ളിച്ചെടികളും കാട്ടുപള്ളകളും മുറിച്ച് വലിച്ചുനീക്കി ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പാലാ ഡിവിഷന് കീഴില്‍ 1200 ട്രാന്‍സ്ഫോര്‍മറുകളുണ്ട്. ഇതില്‍ മുന്നൂറ് എണ്ണത്തോളം ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷനുകള്‍ കാട്ടുപള്ളകള്‍ വെട്ടി അടിയന്തരമായി ശുചീകരിക്കേണ്ടതുണ്ട്.