തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
1451684
Sunday, September 8, 2024 6:57 AM IST
കോട്ടയം: തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി പോയ യുവാവിനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.
നട്ടാശേരി ചവിട്ടുവരിയിലാണ് സംഭവം. ചെറുവള്ളിക്കാവിൽ പ്രദീപിന്റെ പുരയിടത്തിൽ തേങ്ങയിടാൻ കയറിയ റോബിൻ എന്നയാളാണ് തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങിപ്പോയത്. ഏകദേശം 75 അടിയോളം ഉയരമുള്ള തെങ്ങിൽ യന്ത്രത്തിൽനിന്നു കൈവിട്ട് തലകീഴായി തൂങ്ങി രണ്ട് കാലുകളും കുടുങ്ങിയ നിലയിലായിരുന്നു.
ഫയർഫോഴിസിൽ വിവരമറിയിച്ചതിനെ തുടർന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. ലാഡർ ചാരി റോപും കൊണ്ട് തെങ്ങിൻ മുകളിലേക്ക് കയറി പടങ്ങുകൾ വച്ച് കെട്ടി എകദേശം ഒരു മണിക്കൂർ സമയമെടുത്ത് അതിസാഹസികമായാണ് റോബിനെ താഴെയെത്തിച്ചത്.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ജയകുമാർ, ടി.എൻ. പ്രസാദ്, ഷിബു മുരളി, സുവിൻ, അബ്ബാസി, അനീഷ് ശങ്കർ, അനുമോൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.