വെൺമണിയിൽ പുലിയിറങ്ങി; ആടിനെ കൊന്നതായി സംശയം
1227619
Wednesday, October 5, 2022 11:54 PM IST
ചെറുതോണി: വെൺമണിയിൽ പുലി ആടിനെ കൊന്നതായി സംശയം. തെക്കൻ തോണിക്കു സമീപം പുത്തൻപുരയ്ക്കൽ സാബുവിന്റെ ആടിനെയാണ് കടിച്ചുകൊന്ന നിലയിൽ അയൽവാസിയുടെ പറമ്പിൽ കണ്ടെത്തിയത്.
സ്ഥലത്തു കണ്ട കാൽപ്പാടുകളിൽ സംശയം തോന്നി നാട്ടുകാർ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ചാഫീസിലും കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലും വിവരമറിച്ചു. വെൺമണി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി വിശദ പരിശോധന നടത്തി. കഞ്ഞിക്കുഴി സിഐയും സ്ഥലം സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ആടിനെ കാണാതായത്.
വീട്ടുകാരും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ ചക്കാലയിൽ ആന്റണിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ കടിച്ചു കൊന്നു ഭക്ഷിച്ച നിലയിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
വെൺമണിയിലെ ജനവാസ മേഖലയിൽ ആടിനെ കൊന്നുതിന്നതു പുലിയാണെന്ന സംശയം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.