പാതിരാമണൽ ഫെസ്റ്റ്: ജലഘോഷയാത്ര നയനസുന്ദരം
1490751
Sunday, December 29, 2024 5:25 AM IST
മുഹമ്മ: പാതിരാമണൽ ദ്വീപിൽനിന്ന് കായിപ്പുറത്തേക്ക് നടത്തിയ ജലഘോഷയാത്ര പാതിരാമണൽ ഫെസ്റ്റിനെത്തിയ സഞ്ചാരികൾക്ക് നിറമുള്ള കാഴ്ചയായി. പാതിരാമണലിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഗുരുമന്ദിരത്തിൽനിന്നാണ് കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിലേക്ക് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ഗരുഡൻ പയറ്റിന്റെയും അകമ്പടിയോടെ ജലഘോഷയാത്ര നടത്തിയത്.
മുത്തുക്കുടകളും വർണക്കുടകളും ഗുരുദേവ സൂക്തങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. അനന്തശയനേശ്വര ക്ഷേത്ര മേൽശാന്തി സതീശൻ കിഴക്കേ അറക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്കു ശേഷമാണ് ജലഘോഷയാത്ര ആരംഭിച്ചത്. പാതിരാമണൽ ദ്വീപ് ഒരിക്കൽ ജനവാസ കേന്ദ്രം ആയിരുന്നു. കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിലായിരുന്നു ദ്വീപ് നിവാസികൾ പ്രധാനമായും ആരാധനയ്ക്ക് എത്തിയിരിന്നത്.
ദീപിൽ ആരാധനാ കേന്ദ്രമായി ഉണ്ടായിരുന്നത് ഗുരുമന്ദിരം ആയിരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി ദ്വീപിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചപ്പോഴും ഗുരുമന്ദിരത്തിലെ ആരാധനയ്ക്ക് മുടക്കമുണ്ടായില്ല.
എല്ലാ വർഷവും ധനുമാസം 13-ന് ഗുരുമന്ദിരത്തിൽനിന്ന് അനന്തശയനേശ്വര ക്ഷേത്രത്തിലേക്ക് താലപ്പൊലിയും ജലഘോഷയാത്രയും നടത്തുന്നത് വർഷങ്ങളായി തുടരുന്നു. അനന്തശയനേശ്വര ക്ഷേത്ര ശ്രീകോവിലിന് സ്ഥാനം നിശ്ചയിച്ചത് ശ്രീനാരായണ ഗുരവായിരുന്നു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന് ഔദ്യോഗികമായ ആഘോഷ പരിപാടികൾ ഇല്ലെങ്കിലും ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ദുഃഖാചരണം കണക്കിലെടുത്ത് സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും ജനുവരി രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ജി.സതീഷ്, നസീമ ടീച്ചർ, സി.ഡി. വിശ്വനാഥൻ, വി. വിഷ്ണു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.