പ്രാദേശിക തൊഴിലാളികളെ വേണ്ട : മെഡി. കോളജ് ആശുപത്രി നിർമാണപ്രവർത്തനങ്ങളിൽ വിലക്ക്
1491540
Wednesday, January 1, 2025 5:00 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണപ്രവർത്തനങ്ങളിൽ പ്രാദേശിക തൊഴിലാളികളെ കരാറുകാരൻ ഒഴിവാക്കി. നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തി യൂണിയൻ പ്രവർത്തകർ. ഇന്ന ലെ രാവിലെയാണ് സിഐടി യു, ബിഎംഎസ് പ്രവർത്തകർ ചേർന്ന് നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തിയത്.
ആശുപത്രി വളപ്പില്‍ മൂന്നുമാസം മുൻപാണ് സ്ട്രോക്ക് ബ്ലോക്കിന്റെ നിർമാണമാരംഭിച്ചത്. ഇതിനിടെ ഒരിക്കൽപ്പോലും പ്രാദേശിക തൊഴിലാളികളെ ജോലിക്ക് നിർത്തിയിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു നിർമാണം നടത്തിയിരുന്നത്.
മുമ്പും ആശുപത്രിയില്‍ നടന്നിരുന്ന നിര്മാണപ്രവര്ത്തനങ്ങളില്നിന്നു പ്രാദേശിക തൊഴിലാളികളെ കരാറുകാര്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനം ദിവസങ്ങളോളം തടസപ്പെടുത്തിയിരുന്നു.
പിന്നീട് വിവിധ തൊഴിലാളി സംഘടനാനേതാക്കളും ലേബര്‍ ഓഫീസറും ഉള്‍പ്പെടെ നടന്ന ചര്‍ച്ചയില്‍ വിവിധ യൂണിയനുകളിലെ നാലു തൊഴിലാളികളെ ജോലിയില്‍ നിർത്തണമെന്ന നിർദേശം നല്കി. ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ചർച്ച നടത്തി
എന്നാല്‍, പുതിയ കരാറുകാരൻ ഇത് പാലിക്കാറില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ കോൺക്രീറ്റ് ജോലിക്കായി റെഡിമിക്സുമായെത്തിയ വാഹനങ്ങൾ യൂണിയൻ പ്രവർത്തകർ തടഞ്ഞത്. അഞ്ചു വാഹനങ്ങളിലായാണ് റെഡി മിക്സ് എത്തിച്ചത്.
തൊഴിലാളികളെ നിർത്താതെ നിർമാണപ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ നിലപാട് സ്വീകരിച്ചു. പിന്നീട് അമ്പലപ്പുഴ സിഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കരാറുകാരനും യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി.
ഒടുവിൽ സിഐടിയു, ബിഎംഎസ് യൂണിയനുകളിൽനിന്ന് ഓരോ തൊഴിലാളിയെ നിർത്താമെന്ന ധാരണയിൽ പ്രതിഷേധം അവസാനിപ്പിച്ചു. ബുധനാഴ്ച ജില്ലാ ലേബർ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താനും തീരുമാനമായി.
നിർമാണപ്രവർത്തനം നടക്കുന്ന ഇവിടെ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും യൂണിയൻ പ്രവർത്തകർ പറയുന്നു. കരാറുകാരൻ സ്വന്തം ഇഷ്ടപ്രകാരമാണ് നിർമാണപ്രവർത്തനം നടത്തുന്നത്. ഇവിടെ നിന്നുള്ള മണലാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ഭീഷണിപ്പെടുത്തി
ഇയാള്‍ കരാറെടുത്ത മറ്റൊരു കെട്ടിടത്തിന്റെ നിര്‍മാണത്തിലും അഴിമതി നടത്തിയിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള സാമഗ്രികൾ ഉപയോഗിച്ചിട്ടില്ലെന്നും നിര്‍മാണം നടന്ന സഥലത്തെ മണ്ണ് ഉപയോഗിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക തൊഴിലാളി സംഘടനാ നേതാക്കള്‍ നിര്‍മാണം തടസപ്പെടുത്തിയിരുന്നു. പിഡബ്ലുഡി ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ നിര്‍മാണം നടത്തിയാല്‍ മതിയെന്ന ആവശ്യമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പോലീസ് ഇടപെട്ട് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. കെട്ടിടനിര്‍മാണം നടത്താന്‍ ടണ്‍ കണക്കിന് മണലാണ് ആശുപത്രി വളപ്പില്നിന്നുതന്നെ കുഴിച്ചെടുത്തത്. ചൊവ്വാഴ്ച തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്കിയ നേതാക്കളെ കരാറുകാരന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയ കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും വിവിധ സംഘടന പ്രവര്‍ത്തകരും കളക്ടര്‍ക്കു പരാതി നല്‍കും.