പാതിരാമണൽ ഫെസ്റ്റ്; നാടെങ്ങും വിനോദസഞ്ചാരികളുടെ നിറവ്
1491327
Tuesday, December 31, 2024 6:37 AM IST
മുഹമ്മ: പാതിരാമണൽ ദ്വീപ് ഉത്സവ നിറവിൽ. കായൽസൗന്ദര്യത്തിന്റെ മാസ്മര സൗന്ദര്യം നുകരാൻ ജലയാനങ്ങളിലും കരമാർഗവും എത്തുന്ന സഞ്ചാരികളുടെ ആരവമാണ് എവിടെയും. ഭക്ഷണശാലകളും വിശ്രമകേന്ദ്രങ്ങളും യാത്രാ സൗകര്യങ്ങളുമൊരുക്കിയാണ് ഇത്തവണ സഞ്ചാരികളെ മാടി വിളിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സഞ്ചാരികൾക്കായി ദ്വീപിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്.
ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയും പരിസര പ്രദേശങ്ങളും വർണപ്രപഞ്ചത്തിൽ കുളിച്ച് നിൽക്കുകയാണ്. വൈദ്യുതി ദീപങ്ങളുടെ വർണപ്പൊലിമയിൽ മനം നിറഞ്ഞാണ് സഞ്ചാരികൾ മടങ്ങുന്നത്. സമ്മേളന വേദിയും വർണാഭമായി അലങ്കരിച്ചിട്ടുണ്ട്. വീഥികൾക്ക് ഇരുപുറവുമുള്ള വൃക്ഷത്തലപ്പുകളിലും വൈദ്യുതി വിളക്കുകൾ വർണക്കാഴ്ചയൊരുക്കുന്നു.
ഫെസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ഹൗസ് ബോട്ടുകൾ കായിപ്പുറത്ത് തങ്ങുന്നുണ്ട്. പാതിരാമണൽ ദ്വീപിൽ കനകപ്രഭ വിതറുന്ന സുര്യോദയം മനം മയക്കുന്ന കാഴ്ചയാണ്. ഹൗസ് ബോട്ടുകളുടെ മുകളിൽ ഇരു ന്ന് സൂര്യോദയം വീക്ഷിക്കുന്ന സഞ്ചാരികൾ കൗതുകമുള്ള പുലർകാല കാഴ്ചയാണ്. ദ്വീപിൽനിന്നുള്ള അസ്തമയ കാഴ്ചയും സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്. വൈകിട്ട് അഞ്ചിനുശേഷം ദ്വീപിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ട്. നേരത്തെ ദ്വീപിൽ എത്തുന്നവരാണ് അസ്തമയ കാഴ്ച ആസ്വദിച്ച് മടങ്ങുന്നത്.
വെജിറ്റേറിയനും അല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനശാലകളിൽ ലഭിക്കും. നാട്ടിൻപുറ വിഭവങ്ങളുടെ മേന്മ നിറച്ച പൊതിച്ചോറുമായി കായിപ്പുറത്തുനിന്ന് ദ്വീപിലെത്തുന്ന വനിതകളും ഫെസ്റ്റിന് നിറവേകുന്നു. സഞ്ചാരികൾ അലക്ഷ്യമായി ഇടുന്ന വസ്തുക്കൾ അപ്പോൾതന്നെ നീക്കം ചെയ്യുന്നതിന് ഹരിത കർമ സേനയും രംഗത്തുണ്ട്.
ആലപ്പുഴ, കുമരകം, തണ്ണീർമുക്കം മേഖലകളിൽനിന്ന് ഹൗസ് ബോട്ടുകളിൽ വിദേശവിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്നുണ്ട്. ആലച്ചഴ, മുഹമ്മമേഖലകളിൽനിന്ന് ജലഗതാഗതവകുപ്പും സർവീസ് നടത്തുന്നുണ്ട്.
ഇതിനെല്ലാം പുറമേയാണ് പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള ബോട്ടുകൾ ഇടതടവില്ലാതെ ഓടുന്നത്. ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ജെട്ടിയിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കെഎസ്ആർടി സിയുടെ ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽനിന്ന് പാതിരാമണൽ ഫെസ്റ്റിനായി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.