വിടപറഞ്ഞ പ്രിയ കൂട്ടുകാരുടെ ഓർമയിൽ നിറകണ്ണീരോടെ അവർ ക്ലാസിൽ
1491326
Tuesday, December 31, 2024 6:37 AM IST
അന്പലപ്പുഴ: വേഗത്തിൽ വിടപറഞ്ഞ പ്രിയ കൂട്ടുകാരുടെ ഓർമയുമായി നിറകണ്ണീരോടെ അവർ ക്ലാസ് കേട്ടിരുന്നു. ഇനി ഈ കാമ്പസിലുള്ള ആർക്കും ഒരപകടം പോലും ഉണ്ടാകാതിരിക്കാൻ. ജീവൻ നഷ്ടപ്പെടാതിരിക്കാൻ. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾക്കായി മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് ഗതാഗതനിയമ ബോധവത്്കരണ ക്ലാസ് സംഘടിപ്പിച്ചത്.
വാഹനാപകടത്തിൽ ആറു മെഡിക്കൽ വിദ്യാർഥികൾ അതിദാരുണമായി മരണമടഞ്ഞ പശ്ചാത്തലത്തിൽ ഇനിയുമൊരു ദുരന്തം ഇത്തരത്തിൽ ഉണ്ടാകാതിരിക്കാനാണ് വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഡിസംബർ രണ്ടിന് കളർകോട് കെഎസ്ആർടിസി ബസിൽ കാറിടിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ അഞ്ച് ഒന്നാം വർഷ വിദ്യാർഥികളാണ് തൽക്ഷണം മരിച്ചത്. മുഹമ്മദ് അബ്ദുൾ ജബ്ബാർ, മുഹമ്മദ് ഇഖ്ബാൽ, ദേവനന്ദൻ, ആയുഷ് ഷാജി, ശ്രീവൽസൻ എന്നിവരാണ് അന്ന് മരണമടഞ്ഞത്.
ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ആൽബിൻ ഡിസംബർ അഞ്ചിനും മരണപ്പെട്ടു. മറ്റ് അഞ്ചു വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേരളത്തെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം വർഷ വിദ്യാർഥികൾക്കായി മോട്ടോർ വാഹനവകുപ്പ് ക്ലാസ് സംഘടിപ്പിച്ചത്.
എൻഫോഴ്സ്മെന്റ് ആർടി ഒ രമണൻ ക്ലാസ് നയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വാഹനാപകടത്തെ സംബന്ധിച്ച കണക്കുകൾ നിരത്തിയും നിരവധി വാഹനാപകടങ്ങൾ ഉദാഹരണമാക്കിയുമാണ് ക്ലാസ് നയിച്ചത്.
കോളജിലെ അനാട്ടമി ഹാളിൽ നടന്ന പരിപാടിയിൽ 170 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. അനാട്ടമി മേധാവി പ്രഫ. മഞ്ജു.എസ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ചന്തു സി.ജി, വരുൺ.എ എന്നിവരും പങ്കെടുത്തു.