മനുഷ്യന് വിലകൊടുക്കാൻ പഠിപ്പിച്ച തിരുനാളാണ് ക്രിസ്മസ്: മാർ തോമസ് തറയിൽ
1491547
Wednesday, January 1, 2025 5:06 AM IST
എടത്വ: മനുഷ്യന് വിലകൊടുക്കാൻ പഠിപ്പിച്ച തിരുനാളാണ് ക്രിസ്മസെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. ഓരോ മനുഷ്യനെയും വില യുള്ളവരായി കരുതണമെന്ന് പഠിപ്പിക്കുന്നതാണ് ക്രൈസ്തവ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.
എടത്വ എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് നടത്തിയ ക്രിസ്മസ് പുതുവത്സര സായാഹ്നം ഗ്ലോറിയ 2k24 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ അധ്യക്ഷത വഹിച്ചു.
സിഎസ്ഐ മധ്യകേരള ഇടവകയുടെ മുൻ അധ്യക്ഷൻ റൈറ്റ് റവ. ഡോ. തോമസ് കെ ഉമ്മൻ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാർഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. റവ. സിബു പള്ളിച്ചിറ, ഫാ. ബിജി ഗീവർഗീസ്, ഫാ. മത്തായി മണപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍നിന്നുള്ള ഇടവക സമൂഹം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിലേക്ക് റാലിയായി ഒത്തുചേർന്നു.
കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്ഐ, ആനപ്രമ്പാല്‍ മര്‍ത്തോമാ, നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ, സെന്റ് മേരിസ് ക്നാനായ, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, പാണ്ടങ്കരി സെന്റ് മേരീസ് ഓര്‍ത്ത്ഡോക്സ്, എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ എന്നീ പള്ളികളാണ് പങ്കെടുത്തത്.
ഈ പള്ളികളില്‍നിന്നുള്ള കരോള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വികാരിമാരായ ഫാ. മാത്യു ജിലോ നൈനാന്, ഫാ. ബെന്നി ഏബ്രഹാം, ഫാ. ലിജു പി. ചെറിയാന്, റവ. ജോര്‍ജ് യോഹന്നാന്, ജനറല്‍ കണ്‍വീനര്‍ റോബിന് റ്റി. കളങ്ങര, സെക്രട്ടറി ജയിംസ് സി. തോമസ് ചീരംകുന്നേല്‍, ട്രഷറര്‍ ചെറിയാന് വര്‍ഗീസ് പള്ളത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.