തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്നുമുതല്‍ അടച്ചുതുടങ്ങും
1491545
Wednesday, January 1, 2025 5:06 AM IST
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്നുമുതല്‍ അടച്ചുതുടങ്ങാനും മൂന്നോടെ പൂര്‍ണമായും അടയ്ക്കാനും തീരുമാനിച്ചു. ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
നിലവില്‍ ബണ്ടിന്റെ 28 ഷട്ടറുകള്‍ തുറന്നുകിടക്കുകയാണ്. മൂന്നിന് ഷട്ടറുകള്‍ പൂര്‍ണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം പിന്നീട് ഷട്ടറുകള്‍ ക്രമീകരിക്കും.
മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തശേഷമാണ് ഉപദേശകസമിതി ഷട്ടറുകള്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചത്. വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉപദേശകസമിതി അറിയിച്ചു.
സബ് കളക്ടര്‍ സമീര്‍ കിഷന്, ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി, മല്‍സ്യത്തൊഴിലാളി, കര്‍ഷകസംഘടന പ്രതിനിധികള്‍, കൃഷി, മത്സ്യബന്ധനം, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.