ജില്ലാതല കേരളോത്സവത്തിൽ കലാകിരീടം നേടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്
1491321
Tuesday, December 31, 2024 6:37 AM IST
അന്പലപ്പുഴ: ജില്ലാതല കേരളോത്സവത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 341 പോയിന്റുമായി ഓവറോൾ ചാമ്പ്യൻഷിപ്പും 254 പോയിന്റ് നേടി കലാകിരീടവും നേടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 298 പോയിന്റുമായി ഓവറോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനവും 198 പോയിന്റ് നേടി കലാകിരീടം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ഗായത്രി നായർ 36 പോയിന്റ് നേടി കലാതിലകമായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ മഹേശ്വർ 28 പോയിന്റ് നേടി കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. കായിക ചാമ്പ്യൻഷിപ് മത്സരങ്ങളിൽ ജൂണിയർ വിഭാഗത്തിൽ ആര്യാട് ബ്ലോക്കിലെ യു. വിഷ്ണു, വനിതാ വിഭാഗത്തിൽ പട്ടണക്കാട് ബ്ലോക്കിലെ എം.എസ്. സരിഗ, സിനിയർ ഗേൾസിൽ കഞ്ഞിക്കുഴി ബ്ലോക്കിലെ കെ. എൽ. അലീന, സിനിയർ ബോയ്സിൽ അതുൽ ഷാജി എന്നിവർ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി.
മൂന്നു ദിവസങ്ങളിലായി അമ്പലപ്പുഴയിലെ വിവിധ വേദികളിലാണ് ജില്ലാതല കേരളോത്സവം നടത്തിയത്. പ്രധാന വേദിയായ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപനസമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും എംഎൽഎ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി.
ജില്ലാ പഞായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിനു ഐസക് രാജു, ടി.എസ്. താഹ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, പി.ജി. സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, പി. അഞ്ജു, മഞ്ജുളാദേവി, കെ. തുഷാര, ജി. ആതിര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു സ്വാഗതം പറഞ്ഞു.