കനാൽ ഫെസ്റ്റ്: രുചിക്കൂട്ടുകളുടെ ഫുഡ് കോർട്ടിനു തുടക്കം
1490747
Sunday, December 29, 2024 5:21 AM IST
ചേര്‍ത്തല: നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കനാൽ ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമായ കലാപരിപാടികളോടൊപ്പം രുചിക്കൂട്ടുകളുമായി വൈവിധ്യമാർന്ന ഭക്ഷണവും ആസ്വദിക്കാം. കനാൽ ഫെസ്റ്റിന്റെ ഭാഗമായി ഫുഡ് കോർട്ടിനും തുടക്കമായി. പാൽക്കപ്പ മുതൽ മസാല ച്ചായ വരെ ഫുഡ് കോർട്ടിൽ ലഭ്യമാണ്.
നാടൻ വിഭവങ്ങൾ മാത്രമൊരുക്കിയിട്ടുള്ള തട്ടുകട, രുചിയേറും ദോശക്കട മുതൽ മത്സ്യ-മാംസങ്ങളുടെ നിരവധി വിഭവങ്ങൾ, ഐസ്ക്രീമുകൾക്കു മാത്രമായി പ്രത്യേക സ്റ്റാളുകൾ എന്നിവ ഫുഡ് കോർട്ടിന്റെ പ്രത്യേകതകളാണ്.
ടിബി കനാലിനു സമീപം നടന്ന ചടങ്ങിൽ ചേർത്തല ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തോമസ് ജോസഫ് ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനും മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കും യോഗത്തിൽ ആദരാഞ്ജലി അർപ്പിച്ചു. കനാൽ ഫെസ്റ്റിന്റെ വിളംബര ഘോഷയാത്രയും മറ്റ് കലാ-വിനോദ പരിപാടികളും ഒഴിവാക്കി. ഇന്നു മുതൽ 31 വരെയുള്ള പരിപാടികൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അറിയിച്ചു.