അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവത്തിന് സംവിധാനമൊരുക്കി
1491541
Wednesday, January 1, 2025 5:00 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവ നടത്തിപ്പിനായി ദേവസ്വം ബോർഡ് താത്കാലിക സംവിധാനമൊരുക്കി. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെയും നിലവിൽ ആക്ടിംഗ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കമ്മിറ്റിയംഗത്തിനെ സെക്രട്ടറിയുടെ ചുമതലയും നൽകി ദേവസ്വം ബോർഡ് ഉത്തരവിറക്കി. ദേവസ്വം ബോർഡ് ഹരിപ്പാട് ഡപ്യൂട്ടി കമ്മീഷണറാണ് അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷണർക്ക് ഇതു സംബന്ധിച്ച് ഉത്തരവ് കൈമാറിയത്.
ഏതാനും ദിവസം മുൻപ് ക്ഷേത്രോപദേശകസമിതി സെക്രട്ടറിയും മറ്റൊരു കമ്മിറ്റിയംഗവും ചേർന്ന് ഉപദേശകസമിതി ഓഫീസും അലമാരയും കുത്തിത്തുറന്നതുമായി ബന്ധപ്പെട്ട് ഉപദേശകസമിതി പ്രസിഡന്റ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കമ്മിറ്റിയംഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ഒരാഴ്ച മുൻപ് ഡപ്യൂട്ടി കമ്മീഷണർ ചർച്ച നടത്തിയെങ്കിലും ഇതിലും തീരുമാനമായില്ല.
പിന്നീട് ഉപദേശകസമിതി പ്രസിഡന്റ് രാജിസന്നദ്ധത അറിയിക്കുകയും സെക്രട്ടറി തൽസ്ഥാനത്തുനിന്ന് ഒഴിവായി കത്തു കൈമാറുകയും ചെയ്തു. ഇതോടെ കളഭ നടത്തിപ്പ് പ്രതിസന്ധിയിലായതോടെയാണ് ഇപ്പോൾ താത്കാലിക പരിഹാരമായ പുതിയ ചുമതലകൾ നൽകിയത്. ജനുവരി 14 മുതൽ 26 വരെയാണ് കളഭ മഹോത്സവം.