പുലിമുട്ട് നിർമാണത്തിനു 300 കോടിയുടെ പദ്ധതി തയാറാക്കും: രമേശ് ചെന്നിത്തല
1491324
Tuesday, December 31, 2024 6:37 AM IST
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്ന പ്പുഴ പഞ്ചായത്തുകളിൽ കടൽ ഭിത്തിയില്ലാത്ത മുഴുവൻ സ്ഥലങ്ങളിലും പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കുന്നതിനായി 300 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി ലോകബാങ്ക് മിഷൻ ഡയക്ടർ ധർമലശ്രീയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ജലവിഭവവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നിത്.
കടൽഭിത്തിയില്ലാത്തതുമൂലം ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും സംഘം നേരിൽ കണ്ട് വിലയിരുത്തി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലേറ്റമുള്ള എല്ലാ പ്രദേശങ്ങളിലും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി, പുലിമുട്ട് നിർമാണത്തിനുള്ള സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് മിഷൻ ഡയറക്ടർ അറിയിച്ചു.
ലോകബാങ്ക്, എഡിബി പ്രതിനിധികളും സാങ്കേതിക-പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലങ്ങൾ സന്ദർശിച്ച് പദ്ധതികൾക്ക് അന്തിമ രൂപം നൽകും.
പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് മിഷൻ ഡയറക്ടറേറ്റിന്റെ ഭാഗത്ത് സമയബന്ധിതമായ തുടർ നടപടികൾ ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.