അർത്തുങ്കൽ തിരുനാൾ: ദൈനംദിന വിലയിരുത്തലിന് പ്രത്യേകസംഘം-മന്ത്രി പ്രസാദ്
1491535
Wednesday, January 1, 2025 5:00 AM IST
ചേർത്തല: 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ചുവകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിക്കാൻ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പ്രത്യേക നിർദേശം നൽകി.
ഈ സംഘം നിശ്ചിത തീയതികളിൽ യോഗം ചേർന്ന് അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണം. തിരുനാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആദ്യ യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പള്ളിയിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചേർത്തലനിന്നും ആലപ്പുഴ നിന്നും കെഎസ്ആർടിസി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബസ് സർവീസുകൾ നടത്തും. ഇത്തവണ 20 സർവീസ് നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ജനത്തിരക്ക് വർധിക്കുമെന്നതിനനുസരിച്ച് ഫയർ ആൻഡ് സേഫ്ടി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ പരിശോധന കാര്യക്ഷമമാക്കണം. താത്കാലിക കടകളിലെ ഇലക്ട്രിക് സർക്യൂട്ടിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി പി. പ്രസാദ് നിർദേശിച്ചു.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് 280 പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ചേർത്തല ഡിവൈഎസ്പി പറഞ്ഞു. സാമൂഹികവിരുദ്ധ പ്രവർത്തനം തടയുന്നതിന് മഫ്തി പോലീസിനെ പ്രത്യേകമായി നിയോഗിക്കും. ബീച്ചിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ഇവിടെ പ്രത്യേക പരിശീലനം ലഭിച്ച വാളണ്ടിയേഴ്സിന്റെ സഹായം ഫയർ ആൻഡ് റസ്ക്യൂവുമായി ചേർന്ന് സജ്ജമാക്കും.
സ്ട്രീറ്റ് ലൈറ്റുകളും മെയിന്റനൻസും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ചേർത്തല തെക്് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. പുതിയ ലൈറ്റുകൾ 22 വാർഡിലും സ്ഥാപിച്ചു. ശുചിത്വം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഹരിത കർമ സേനയെ ഉപയോഗിച്ചും തിരുനാൾ കമ്മിറ്റിയുമായി ചേർന്നും നപടികൾ സ്വീകരിക്കും.
മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, ചേർത്തല സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ്, ഡിവൈഎസ്പി മധു ബാബു, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.