ചാരുംമൂട് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസില്ല; യാത്രക്കാർ വലയുന്നു
1490749
Sunday, December 29, 2024 5:25 AM IST
ചാരുംമൂട്: കായംകുളം - പുനലൂർ കെപി റോഡിലെ തിരക്കേറിയ ജംഗ്ഷനായ ചാരുംമൂട്ടിൽ ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം ലഭിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കൊല്ലം-തേനി ദേശീയപാതയുടെയും കായംകുളം-പുനലൂർ സംസ്ഥാന പാതയുടെയും സംഗമ ജംഗ്ഷനായ ചാരുമൂട്ടിൽ അനധികൃത പാർക്കിംഗും അപകടങ്ങളും വർധിച്ചിരിക്കുകയാണ് . ആദ്യ കാലങ്ങളിൽ പോലീസിന്റെ സേവനം രാവിലെയും വൈകുന്നേരവും ലഭിച്ചിരുന്നു.
പിന്നീട് ഹോം ഗാർഡ് നിലവിൽ വന്നപ്പോൾ സേവനം അവരിലേക്ക് കൈമാറി. ഇപ്പോൾ ഹോം ഗാർഡിന്റെ സേവനവും ലഭ്യമല്ല.
ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ ബസുകൾ മുതൽ ചെറുവാഹനങ്ങൾവരെ മരണപ്പാച്ചിലിലാണ് റോഡ് മറികടക്കുന്നത്. ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന ജംഗ്ഷനായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് നാല് വശങ്ങളിൽനിന്നും ഒരേ സമയം വരുന്നത്.
തമിഴ്നാട്ടിൽനിന്ന് എറണാകുളത്തിനു പോകേണ്ട ചരക്ക് വാഹനങ്ങളും പുനലൂരിൽ നിന്നു കായംകുളത്തേക്കാണ് എത്തുന്നത്. പോലീസിന്റെ സേവനം അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം. ജംഗ്ഷനിൽ ഗതാഗത കുരുക്ക് പരിഹരിക്കാൻ വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.
എന്നാൽ ഈ നിരോധനം അംഗീകരിക്കാതെ അനധികൃത പാർക്കിംഗ് വർധിച്ചിരിക്കുകയാണ്. ജംഗ്ഷൻ കേന്ദ്രീകരിച്ച് പോലീസിന്റെ സേവനം രാവിലെയും വൈകുന്നേരവും ലഭിക്കുകയാണെങ്കിൽ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും നിയമലംഘനങ്ങൾക്കും പരിഹാരം കാണാൻ കഴിയും.