കെഎസ്ഇബി ഉദ്യോഗസ്ഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
1491316
Tuesday, December 31, 2024 6:37 AM IST
മങ്കൊമ്പ്: കെഎസ്ഇബി സബ് എൻജിനിയറെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുന്ന് പഞ്ചായത്ത് 15-ാം വാർഡ് കണ്ടത്തിൽപ്പറമ്പിൽ വീട്ടിൽ ടി. നിജുവി(47)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കായൽപ്പുറം തുറവശേരി തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്പിത്തബാധയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ ഇന്നലെ പുലർച്ചെ രണ്ടോടെ വീട്ടിൽനിന്നും കാണാതായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.
തുടർന്ന വിവരമറിഞ്ഞ് പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി. വീടിനു മുൻവശമുള്ള തോട്ടിൽ വീണതാകാമെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴയിൽനിന്നെത്തിയ സ്ക്യൂബ ടീമംഗങ്ങൾ തോട്ടിൽ തെരച്ചിൽ നടത്തി. ഇതിനിടെ നിജുവിന്റെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തുറവശേരി തോട്ടിൽ വയലാറ്റുചിറ പാലത്തിനു സപീപത്തായി മൃതദേഹം പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്്റ്റുമോർട്ടം നടത്തി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നുച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രേഖ. മകൻ നീരജ്.