വിദ്യാർഥിയെ തെരുവുനായ കടിച്ചത് രണ്ടുതവണ : പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്
1490950
Monday, December 30, 2024 4:56 AM IST
പൂച്ചാക്കല്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ കാലില്‍ കടിച്ചത് രണ്ടു തവണ. കടിയേറ്റ വിദ്യാര്‍ഥി നിലവിളിച്ചപ്പോള്‍ ഓടി എത്തിയ മുതിര്‍ന്ന ആള്‍ക്കാരുടെ നേരേയും നായ ആക്രമിക്കാന്‍ മുതിര്‍ന്നു.
തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം പ്രദേശത്തുവച്ചാണ് വിദ്യാര്‍ഥിയെ നായ കടിച്ചത്. വൈകിട്ടു നാ ലോടുകൂടി ട്യൂഷന് കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുമ്പോഴാണ് വിദ്യാര്‍ഥിക്ക് നായയുടെ കടിയേറ്റത്. തേവര്‍വട്ടം എലിക്കാട്ട് ക്ഷേത്രത്തിനു സമീപത്തുകൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് നായ ചാടിയതിനെത്തുടര്‍ന്നു ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്കേറ്റിരുന്നു.
തൈക്കാട്ടുശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ശല്യം കൂടുതലാണ്. വെളുപ്പിനെ പത്രം വിതരണം ചെയ്യാന്‍ പോകുന്നവര്‍ക്ക് നേരെയും നായ്ക്കൂട്ടം പാഞ്ഞടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.
നടപടി സ്വീകരിക്കാതെ അധികൃതര്‍
വിവിധയിടങ്ങളില്‍ തെരുവു നായ്ക്കളുടെ ശല്യം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളെ ഒറ്റയ്ക്ക് പുറത്തയയ്ക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്ന സാഹചര്യവുമുണ്ട്. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കിയും മാലിന്യ പ്രശ്നങ്ങള്‍ പരിഹരിച്ചും പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ല.
കൂടാതെ തെരുനായ്ക്കളെ പൊതുസ്ഥലത്തുനിന്നു നീക്കുന്നതിനായി ഷെല്‍ട്ടറുകള്‍ തുറക്കാനും നടപടി ആയിട്ടില്ല.
മാലിന്യക്കൂമ്പാരം
തെരുവുനായ്ക്കള്‍ രാത്രിയില്‍ പ്രധാന ജംഗ്ഷനുകളില്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മാലിന്യം റോഡിലും പാലത്തിന്റെ വശങ്ങളിലും വലിച്ചെറിയുന്നതാണ് തെരുവു നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തെരുവുനായ ശല്യം അമര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.