കാർഷിക മേഖലയിൽ യുവതലമുറ പ്രതീക്ഷ നല്കുന്നു: മന്ത്രി പി. പ്രസാദ്
1490958
Monday, December 30, 2024 4:56 AM IST
ചേര്‍ത്തല: കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ യുവതലമുറ വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല പൊലിമ കരപ്പുറം കാർഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുവാക്കളുടെ ആശയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാണ് കാർഷിക മേഖലയിൽ പദ്ധതികൾക്കു രൂപം നൽകുന്നത്. ഇത് കാർഷിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
10 ദിവസമായി നടന്ന കരപ്പുറം മേള ഇന്നലെ സമാപിച്ചു. കാർഷിക വിഭവങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ഉൾപ്പെടെ 125 ഓളം വില്പന–പ്രദർശന സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കാർഷികമേഖലയിലെ വിവിധ സെമിനാറുകൾ, ബിടുബി മീറ്റുകൾ, കാർഷിക വായ്പ സഹായ കേന്ദ്രങ്ങൾ, കാർഷിക പഠന ക്ലാസുകൾ, യന്ത്രങ്ങളുടെ സർവീസ് ക്യാംപ്, കലാ–സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ തെങ്ങുകയറ്റം മത്സരവും ഓലമെടയൽ മത്സരവും കുട്ടികർഷക സംഗമവും നടന്നു. വിജയികളായവർക്ക് സമ്മാനദാനവും മന്ത്രി നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന ബാനർജി, ടി.എസ്. ജാസ്മിൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീവൻ, കൃഷിവകുപ്പ് അഡീഷണ ൽ ഡയറക്ടർ ബിൻസി കെ. ഏബ്രാഹാം, ഡപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.