ഉത്തേജക പദ്ധതി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്-എം
1491548
Wednesday, January 1, 2025 5:06 AM IST
മങ്കൊമ്പ്: സർക്കാരിന്റെ കാർഷിക അഭിവൃദ്ധി ഫണ്ടിലെ 1512.15 കോടി രൂപ ഉപയോഗിച്ച് നെല്ലുത്പാദക ഉത്തേജക പദ്ധതി നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്-എം കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ കർഷകർക്കായി ഉത്തേജക പദ്ധതി നിലവിലുണ്ട്. ഈ മാതൃക നെൽകർഷക മേഖലയിലും ബാധകമാക്കണം.
ഇപ്പോൾ കർഷകർക്ക് കിലോഗ്രാമിന് 5.20 രൂപയാണ് നൽകുന്നത്. ഇത് 11.80 രൂപയും സംഭരണവില 40 രൂപയുമാക്കി ഉയർത്തണം. തണ്ണീർത്തടം നികത്തൽ ഫീസിനത്തിൽ സർക്കാരിലേക്ക് ലഭിക്കുന്ന തുക മുഴുവൻ നെൽ കൃഷി പ്രോത്സാഹനത്തിനായി മാറ്റിവയ്ക്കണം.
ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കർഷകകൂട്ടായ്മകൾ വിളിച്ചുകൂട്ടാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി പത്രോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോസഫ് കെ. നെല്ലുവേലി, ബിനു ഐസക് രാജു, ഷാജോ കണ്ടക്കുടി, ജോസഫുകുട്ടി തുരുത്തേൽ, ജോജി വൈലോപ്പള്ളി, ഷിബു ലുക്കോസ്, ബിനോയ് ഉലക്കപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.