ക്രിസ്മസ്-പുതുവത്സര ആഘോഷം
1490954
Monday, December 30, 2024 4:56 AM IST
എടത്വ: എക്യുമെനിക്കല്‍ കൂട്ടായ്മയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷം ഇന്ന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. വൈകുന്നേരം അഞ്ചിന് വിവിധ പള്ളികളില്‍നിന്നും ഇടവക സമൂഹം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഒത്തുചേരും. അവിടെനിന്ന് റാലിയായി ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ എത്തിച്ചേരും.
തുടര്‍ന്ന് ആറിന് നടക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിജി ഗീവര്‍ഗീസ് അധ്യക്ഷത വഹിക്കും.
സിഎസ്ഐ മധ്യകേരള മഹാ ഇടവകയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, മലങ്കര ഓര്‍ത്ത്ഡോക്സ് സുറിയാനി സഭ അഖില മലങ്കര പ്രാര്‍ഥന യോഗം പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യസന്ദേശവും നല്‍കും. ആനപ്രമ്പാല്‍ മാര്‍ത്തോമാ പള്ളി വികാരി ഫാ. സിബു പള്ളിച്ചിറ സ്വാഗതം ആശംസിക്കും.
കുന്തിരിക്കല്‍ സെന്റ് തോമസ് സിഎസ്ഐ, ആനപ്രമ്പാല്‍ മര്‍ത്തോമാ, നിത്യസഹായ മാതാ മലങ്കര കത്തോലിക്കാ, സെന്റ് മേരിസ് ക്നാനായ, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്, പാണ്ടങ്കരി സെന്റ് മേരീസ് ഓര്‍ത്ത്ഡോക്സ്, എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ എന്നീ പള്ളികളാണ് പങ്കെടുക്കുന്നത്.
ഈ പള്ളികളില്‍നിന്നുള്ള കരോള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. വികാരിമാരായ ഫാ. മാത്യു ജിലോ നൈനാന്, ഫാ. ബെന്നി ഏബ്രഹാം, ഫാ. ലിജു പി. ചെറിയാന്, ഫാ. മത്തായി മണപ്പറമ്പില്‍, റവ. ജോര്‍ജ് യോഹന്നാന്, ജനറല്‍ കണ്‍വീനര്‍ റോബിന് റ്റി. കളങ്ങര, സെക്രട്ടറി ജയിംസ് സി. തോമസ് ചീരംകുന്നേല്‍, ട്രഷറര്‍ ചെറിയാന് വര്‍ഗീസ് പള്ളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.