കരുതലും കൈത്താങ്ങും: ആദ്യ അദാലത്ത് മൂന്നിന് ചേര്‍ത്തലയില്‍
1491328
Tuesday, December 31, 2024 6:37 AM IST
ആലപ്പുഴ: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് ആകെ ലഭിച്ചത് 2616 അപേക്ഷകള്‍.
ആറു താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍ അദാലത്തില്‍ പരിഗണിക്കാവുന്നവ 2188 അപേക്ഷകളാണ് പരിഗണനയിലുള്ളത്. അപേക്ഷകളില്‍ ജനുവരി മൂന്നുമുതല്‍ ജില്ലയില്‍ ആരംഭിക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹാരമാവും.
ജനുവരി മൂന്നിന് രാവിലെ 9.30 ന് സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കുന്ന ചേര്‍ത്തല താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ അദാലത്തുകള്‍ തുടങ്ങുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. പ്രസാദ്, മന്ത്രി സജി ചെറിയാന് എന്നിവര്‍ അദാലത്തുകളില്‍ പങ്കെടുക്കും. അദാലത്തുകള്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പറഞ്ഞു.
അദാലത്ത് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ചേര്‍ത്തല 678, അമ്പലപ്പുഴ 376, കുട്ടനാട് 417, കാര്‍ത്തികപ്പള്ളി 476, ചെങ്ങന്നൂര്‍ 273, മാവേലിക്കര 396 എന്നിങ്ങനെയാണ് താലൂക്കുകളില്‍ ലഭിച്ച അപേക്ഷകള്‍. അമ്പലപ്പുഴ താലൂക്ക് അദാലത്ത് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്എസ്എസിലും കുട്ടനാട് താലൂക്ക് അദാലത്ത് ആറിന് മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥന് റൈസ് റിസര്‍ച്ച് സ്റ്റേഷനിലും കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് ഏഴിന് ചേപ്പാട് താമരശേരി കണ്വന്ഷന് സെന്ററിലും മാവേലിക്കര താലൂക്ക് അദാലത്ത് 13ന് മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിലും ചെങ്ങന്നൂര്‍ താലൂക്ക് അദാലത്ത് 14ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.
പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദികളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസപ്ഷന്, അന്വേഷണ കൗണ്ടറുകള്‍, ലഘുഭക്ഷണസൗകര്യം, വൈദ്യസേവനം, കടിവെള്ളം എന്നിവയ്ക്കുള്ള സൗകര്യങ്ങളും അദാലത്ത് വേദികളില്‍ ഒരുക്കിയിട്ടുണ്ട്.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് ദിവസം ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പരാതിപരിഹാര അദാലത്തുകളുടെ കണ്‍വീനര്‍മാരായ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് അദാലത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. യോഗത്തില്‍ എംഡിഎം ആശ സി. ഏബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.