വടുതല ഗോൾ-2024 സമാപിച്ചു
1491542
Wednesday, January 1, 2025 5:00 AM IST
പൂച്ചാക്കൽ: വടുതല മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ 31-ാമത് വയലാർ എം.കെ. കൃഷ്ണൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള അഖില കേരള സെവൻസ് ഫ്ലട്ട് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. വിജെ എച്ച്എസ്എസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ചീനിക്കാസ് തൃശൂർ ഒന്നാം സ്ഥാനവും സ്റ്റാർ കൊച്ചിൻ രണ്ടാം സ്ഥാനവും നേടി. ഫൈനൽ മത്സരത്തിന് മുന്നോടിയായി കേരള പോലിസും എക്സൈസ് ടീമുകളും തമ്മിലുള്ള പ്രദർശന മത്സരവും നടത്തി.
ബി ടീം മത്സരത്തിൽ യെഗ് സ്റ്റാഴ്സ് മണ്ണഞ്ചേരിയും ഫൈനൽ മത്സരത്തിൽ വിജയിച്ചു. എം.എം. ആരിഫ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എം. നസീർ അധ്യക്ഷനായി. കെ.ആർ. രാജേന്ദ്രപ്രസാദ് സമ്മാനവിതരണം നടത്തി. കെ.പി. ഇബ്രാഹിം ലഹരിവിരുദ്ധ സന്ദേശം നൽകി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പി.എം. സുബൈർ, കെ.എം. മൊയ്തു, നിസാം നാസർ, ഹാഫിസ്, കുടപുറം റെസിഡൻസി അസോസിയേഷൻ എന്നിവരെ ആദരിച്ചു. ചെയർമാൻ എൻ.എം. ബഷീർ, കൺവീനർ കെ.പി. നടരാജൻ, സെക്രട്ടറി റഹ്മത്തുള്ള എസ്.കെ, ട്രഷറർ സിറാജുദ്ദീൻ, ചീഫ് കോ-ഓർഡിനേറ്റർ ഷാജിർഖാൻ പി.എം, പി.എം. ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.