വലിച്ചെറിയല്‍ വിരുദ്ധ വിളംബര ഘോഷയാത്ര
1491537
Wednesday, January 1, 2025 5:00 AM IST
ആലപ്പുഴ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കേരളത്തില്‍ ഇന്നുമുതല്‍ ഏഴുവരെ വലിച്ചെറിയല്‍ വിരുദ്ധ വാരമായി ആചരിക്കുന്നു. ഇതിന്റെ പ്രചരണാര്‍ഥം ആലപ്പുഴ നഗരസഭ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ആലപ്പുഴ നഗരസഭ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത് മുല്ലക്കല്‍ സീറോ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് നഗരചത്വരം വരെയാണ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചത്. മാലിന്യങ്ങള്‍ പൊതു ഇടങ്ങളിലും തെരുവോരങ്ങളിലും വലിച്ചെറിയാതെ ടിന് ബിന്നുകളില്‍ തരംതിരിച്ച് നിക്ഷേപിക്കുക.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ടിന് ബിന്നുകള്‍ സ്ഥാപിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുക, ടിന് ബിന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് നിരീക്ഷണ കാമറകള്‍ സജ്ജമാക്കുക എന്നിവയാണ് വലിച്ചെറിയല്‍ വിരുദ്ധ കാമ്പയിന് ലക്ഷ്യമിടുന്നത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്. പ്രേം, എം.ജി. സതീദേവി, കക്ഷിനേതാക്കളായ പി. രതീഷ്, സലിം മുല്ലാത്ത്, നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.