ശാസ്താംപുറം മാർക്കറ്റ് നവീകരണം: പുതിയ ഉയരങ്ങളിലേക്ക്
1490953
Monday, December 30, 2024 4:56 AM IST
ചെങ്ങന്നൂര്‍: മധ്യതിരുവിതാംകൂറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ശാസ്താംപുറം മാര്‍ക്കറ്റിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക്. ഫൗണ്ടേഷന് നിര്‍മാണം ആരംഭിച്ചതോടെ മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ പുനര്‍ജനിക്കാന്‍ ഒരുങ്ങുകയാണ്.
മന്ത്രി സജി ചെറിയാന് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. തീരദേശ വികസന കോര്പറേഷന് അസിസ്റ്റന്റ് എന്‍ജിനിയര്‍ മേഘനാഥന്, ബാബു തൈവട, രാജു പറങ്കാമൂട്ടില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ശാസ്താപുറം ചന്ത ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ഗതകാലപ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി സജി ചെറിയാന് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് അഞ്ചു കോടിരൂപ അനുവദിക്കുകയായിരുന്നു.
മാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി 20,550 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇരുനില മാര്‍ക്കറ്റ് കെട്ടിടത്തിന്റെ താഴത്തെനിലയില്‍ 23 കടമുറികള്‍, റീട്ടെയില്‍ സ്റ്റാളുകള്‍, ആവശ്യാനുസരണം ശുചിമുറി എന്നിവയും മുകളിലത്തെ നിലയില്‍ 13 കടമുറികളും രണ്ടു ഹാളും ശുചിമുറി സൗകര്യങ്ങളും ഉണ്ടാകും.
വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കും. കൂടാതെ മാലിന്യസംസ്ക്കരണത്തിനായി ഇടിപി സംവിധാനവും ഒരുക്കുന്നുണ്ട്. മാര്‍ക്കറ്റിന്റെ നിര്‍മാണം സംസ്ഥാന തീരദേശ വികസന കോര്പറേഷന് മുഖേനെയാണ് നടപ്പിലാക്കുന്നത്.