വേലിയേറ്റ നിയന്ത്രണം: കർഷക പ്രതിഷേധം രൂക്ഷം
1491546
Wednesday, January 1, 2025 5:06 AM IST
മങ്കൊമ്പ്: തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ വേലിയേറ്റത്തിനനുസരിച്ചു നിയന്ത്രിക്കുന്നതു സംബന്ധിച്ചു കളക്ടറേറ്റിൽ നടന്ന യോഗത്തിൽ തങ്ങളെ പങ്കെടുപ്പിക്കാതിരുന്നതിൽ കർഷകർക്കു പ്രതിഷേധം. നെടുമുടി കൃഷിഭവൻ പരിധിയിൽ വരുന്ന പാടശേഖരസമിതി ഭാരവാഹികളുടെയും കർഷകരുടെയും യോഗമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
നെൽകൃഷിയെ ഏറെ ബാധിക്കുന്ന വിഷയത്തിൽ പതിവായി രണ്ടു കൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെയും കർഷകരുടെയും അഭിപ്രായങ്ങൾ കേൾക്കേണ്ടിയിരുന്നു. രണ്ടു കൃഷി ചെയ്തുവരുന്ന നെടുമുടി കൃഷിഭവന്റെ കീഴിലെ പാടശേഖരസമിതി ഭാരവാഹികളെയും കർഷകരെയും തുടർന്നുള്ള തണ്ണീർമുക്കം ബണ്ട് റെഗുലേറ്ററി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നെടുമുടി നെല്ലുത്പാദക പാടശേഖര ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
നദികളിലെ ജലാശയത്തിന്റെ ഉയർച്ചയും താഴ്ചയും ഉപ്പുവെള്ളഭീഷണി ഏറ്റവും കൂടുതൽ ബാധിക്കുന്ന നെടുമുടി കൃഷിഭവന്റെ കീഴിലുള്ള പാടശേഖരങ്ങളുടെ ആശങ്ക അറിയിക്കാൻ കർഷകർക്ക് അവകാശമുണ്ട്. ആറിനു നടക്കുന്ന അദാലത്തിൽ പാടശേഖരത്തിന്റെ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനം സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കുടിശിഖയുള്ള മുഴുവൻ പമ്പിംഗ് സബ്സിഡി, മുടങ്ങിക്കിടക്കുന്ന മൂന്നു സീസണിലെ വിത്തിന്റെ വില കിലോഗ്രാമിന് 42 രൂപ പ്രകാരം നൽകുക, കൈകാര്യ ചിലവ്, കുടിശിഖയുള്ള പ്രൊഡക്ഷൻ ബോണസ് വർധിപ്പിച്ച് നൽകുക, ഹാൻഡിലിംഗ് ചാർജ് ഏക്കറൊന്നിന് 300 രൂപയാക്കി വർധിപ്പിക്കുക, സ്ഥിരം വൈദ്യുതി കണക്ഷൻ നൽകുക,
കൊയ്ത്തു യന്ത്രങ്ങളുടെ കുറവ് പരിഹരിക്കുക, വിത്തു വിതരണം യഥാസമയം പൂർത്തിയാക്കുക, ബണ്ട് നിർമാണത്തിനുള്ള പണം അനുവദിക്കുക, കക്കയുടെ സബ്സിഡി 250 കിലോഗ്രാമാക്കി ഉയർത്തുക, വരിനെല്ലിന്റെ നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി വഴി നൽകുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
കൈനകരി, നെടുമുടി, ചമ്പക്കുളം എടത്വ, തലവടി എന്നീ കൃഷഭവനങ്ങൾക്കായുള്ള ചമ്പക്കുളം എഡിഎയെ എത്രയും പെട്ടെന്ന് നിയമിക്കുക നെടുമുടി നെല്ലുൽപ്പാദക സമിതി പ്രസിഡന്റ് കെ.വി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സിജിമോൻ നൂറ്റെട്ടിൽ, ജോസ് ജോസഫ്, വി.വി. സുരേഷ്, കെ.ജി. ഏബ്രഹാംഎന്നിവർ പ്രസംഗിച്ചു.