പൈപ്പ് പൊട്ടൽ: മൂന്നു പഞ്ചായത്തുകളിൽ ശുദ്ധജലമില്ലാതെ പുതുവർഷപ്പുലരി
1491533
Wednesday, January 1, 2025 5:00 AM IST
പൂച്ചാക്കൽ: ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് രണ്ടിടങ്ങളിൽ പൊട്ടിയതിനെത്തുടർന്ന് മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി എന്നീ പഞ്ചായത്ത് മേഖലകളിലാണ് രണ്ടു ദിവസങ്ങളിലായി കുടിവെള്ള വിതരണം പൂർണമായും മുടങ്ങിയത്.
പൂച്ചാക്കൽ, കുഞ്ചരം എന്നിവിടങ്ങളിലാണ് പൈപ്പിന് ചോർച്ചയുള്ളത്. ചേർത്തല-അരൂക്കുറ്റി റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച 450 എംഎം ജി ആർപി പൈപ്പാണ് പൊട്ടിയത്. ഇലക്ട്രിസിറ്റി കവലയ്ക്കു സമീപം പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു. കുഞ്ചരം ഭാഗത്തെ ജോലി തുടരുകയാണ്.
രണ്ടു ദിവസങ്ങളിലായി പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇന്നത്തോടെ ജോലി പൂർത്തിയാക്കി ഇന്ന് വൈകിട്ട് ഭാഗികമായും നാളെ പൂർണമായും വിതരണം നടത്താനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കുഞ്ചരം ഭാഗത്ത് ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടു സ്ഥലത്തേയും പൈപ്പിന്റെ ചോർച്ച ഒന്നിച്ച് പരിഹരിക്കാനാണ് ശ്രമം നടത്തിയത്. രണ്ടു ഭാഗത്തും ആഴത്തിൽ കുഴിയെടുത്ത് പരിശോധിച്ച് ശേഷമാണ് പൊട്ടിയ ഭാഗം നന്നാക്കുകയുള്ളു.
ഇതിന്റെ ഭാഗമായി പൈപ്പിന്റെ ഉള്ളിലുള്ള വെള്ളം പുറത്തേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കളഞ്ഞു. പൈപ്പിനുള്ളിലെ വെള്ളം പുറത്തേക്ക് കളഞ്ഞാൽ മാത്രമേ പൈപ്പ് നന്നാക്കാൻ കഴിയൂ. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച പൈപ്പ് കണ്ടെത്തുന്നതിനായി ആഴത്തിൽ കുഴിയെടുക്കുന്ന മണൽ റോഡിലേക്ക് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഗതാഗതക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്.
മുടങ്ങുമെന്ന അറിയിപ്പ് വൈകി; കുടിവെള്ളമില്ലാതെ ജനം വലഞ്ഞു
പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാലു ദിവസത്തേക്ക് മൂന്നു പഞ്ചായത്ത് മേഖലകളിൽ പൂർണമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അഥോറിറ്റി തൈക്കാട്ടുശേരി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചിരുന്നു.
എന്നാൽ, അറിയിപ്പ് വന്ന അന്നുതന്നെ കുടിവെള്ളവിതരണം മുടങ്ങിയതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. സാധാരണ ഇത്രയും ദിവസം നീണ്ടുനിൽക്കുന്ന അറ്റകുറ്റപ്പണികൾക്ക് രണ്ടു ദിവസം മുൻപുതന്നെ അധികൃതർ അറിയിപ്പ് നൽകലാണ് പതിവ്.
ആവശ്യത്തിനുള്ള ശുദ്ധജലം കരുതിവയ്ക്കാനുള്ള സമയം ലഭിക്കുമായിരുന്നു. ഇപ്പോൾ അറിയിപ്പ് വന്ന ഉടനെ കുടിവെള്ളം മുടങ്ങിയെന്ന് നാട്ടുകാർ ആരോപിച്ചു.
പൈപ്പ് പൊട്ടലും റോഡ് പൊളിയലും തുടർക്കഥ
ചേർത്തല -അരൂക്കുറ്റി റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. തുടരെ തുടരെയുള്ള പൈപ്പ് പൊട്ടൽ മൂലം ലീറ്റർ കണക്കിനു ശുദ്ധജലമാണു പാഴായി പോകുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവതി തവണയാണ് പൈപ്പ് പൊട്ടിയത്. പ്രധാന റോഡുകളിലും പഞ്ചായത്ത് റോഡുകളിലും അടക്കം ഒട്ടേറെ സ്ഥലങ്ങളിലാണ് ദിവസങ്ങളായി വെള്ളം റോഡിലൂടെ ഒഴുകുന്നത്.
പലയിടത്തും വിതരണ പൈപ്പിൽ ചെറിയ ചോർച്ച ആണെങ്കിലും സംഭരണിയിൽ വെള്ളം തീരുന്നതുവരെ പകലും രാത്രിയും തുടർച്ചയായി റോഡിലൂടെ കുടിവെള്ളം ഒഴുകുന്നത് നിത്യ കാഴ്ചയാണ്.
ഇതുമൂലം റോഡിൽ പലയിടങ്ങളിലും കുഴികളും മഴക്കാലത്ത് എന്നപോലെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവായതോടെ ടാർ ചെയ്ത റോഡ് പോലും തകർന്ന് യാത്ര ദുഷ്കരമായ നിലയിലാണ്.