മണ്ണ് ക്ഷാമത്തിനു പരിഹാരമാകുന്നു: ദേശീയപാത നിർമാണം ഇനി വേഗത്തിൽ
1491329
Tuesday, December 31, 2024 6:37 AM IST
കായംകുളം: ദേശീയപാത നിർമാണത്തിന് നേരിട്ട മണ്ണ് ക്ഷാമത്തിനു പരിഹാരമാകുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നായി ലോഡ് കണക്കിന് മണ്ണ് നിർമാണസ്ഥലങ്ങളിൽ എത്തിച്ചുതുടങ്ങി. ഇതോടെ ദേശീയപാത നിർമാണം വേഗത്തിലായി.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നടപടിയുണ്ടാക്കിയത്. മണ്ണ് ക്ഷാമത്തിൽ മാസങ്ങളായി നിർമാണം നിലച്ചിരുന്ന റീച്ചുകളിൽ ഇതോടെ അടിപ്പാതകളുടെയും ഉയരപ്പാതകളുടെയും നിർമാണം തകൃതിയായി. കായംകുളം മുതൽ അരൂർ വരെയുള്ള ജില്ലയിലെ ദേശീയപാതയിൽ ഓച്ചിറ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-പറവൂർ, പറവൂർ-തുറവൂർ റീച്ചുകളിൽ നൂറുകണക്കിന് ലോഡ് മണ്ണെത്തി.
മേൽപാതയില്ലാത്ത സ്ഥലങ്ങളിൽ നിലവിലെ പ്രതലം കുഴിച്ച് അടിയിൽനിന്നേ ചെമ്മണ്ണ് ഇട്ട് ഉറപ്പിച്ചാണ് എല്ലായിടത്തും പാത നിർമിക്കുന്നത്. അതിനാൽ ചെമ്മണ്ണിന്റെ ആവശ്യം വളരെ ഏറെയാണ്. മൂന്നു റീച്ചിലുമായി 40 ലക്ഷത്തിലേറെ ക്യൂബിക് മീറ്റർ മണ്ണെങ്കിലും ആവശ്യമാണ്. കൊറ്റുകുളങ്ങര-പറവൂർ, പറവൂർ-തുറവൂർ റീച്ചുകളിലാണ് ഏറ്റവുമധികം മണ്ണ് ആവശ്യമായുള്ളത്. പറവൂർ-തുറവൂർ റീച്ചിൽ മാത്രം 20 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് വേണ്ടത്. ഇതിൽ ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം എത്തിയിട്ടുണ്ട്.
ആലപ്പുഴ ബൈപാസ്, തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ എന്നിവിടങ്ങളിലൊഴികെ ജില്ലയിലെ റീച്ചുകളിൽ മണ്ണ് ക്ഷാമമാണ് നിർമാണത്തിന് പ്രധാനതടസമായിരുന്നത്. അടിപ്പാതകൾ നിർമിക്കുന്ന ഇടങ്ങളിൽ പ്രധാന പാത മുകളിലൂടെയാകും കടന്നുപോകുക. അത്രത്തോളം ഉയർത്തുന്നതിന് വലിയതോതിൽ മണ്ണ് ആവശ്യമാണ്. മണ്ണ്എത്തിത്തുടങ്ങിയതോടെ ആവശ്യമുള്ളിടങ്ങളിൽ മണ്ണിട്ട് ഉയർത്തലും ബിഎംബിസിക്കുശേഷം ടാറിംഗ് ജോലികളുമാണ് ആരംഭിച്ചിട്ടുള്ളത്. സർവീസ് റോഡ് നിർമാണം പൂർത്തിയാകാത്ത സ്ഥല ങ്ങളിൽ അതും ആരംഭിച്ചിട്ടുണ്ട്.