കരുവാറ്റ ലീഡിംഗ് ചാനലിനു കുറുകെ നാലുചിറ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നു
1490951
Monday, December 30, 2024 4:56 AM IST
അമ്പലപ്പുഴ: കരുവാറ്റ ലീഡിംഗ് ചാനലിനു കുറുകെ നാലുചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. പുറക്കാട്, കരുവാറ്റ, കരിനില കാര്‍ഷിക-വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്ന പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എച്ച്. സലാം എംഎല്‍എ പറഞ്ഞു.
പാലത്തിന്റെ ഇരുകരകളിലുമായി നദിയുടെ കടവുവരെയുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി. ബിഎംബിസി നിലവാരത്തിലാണ് അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കിയത്.
ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കാന്‍ 38 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. നിര്‍മാണ പൂര്‍ത്തീകരണത്തിന് രണ്ടാം പിണറായി സര്‍ക്കാര്‍ മാര്‍ച്ചില്‍ 54.96 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബിയില്‍നിന്ന് ലഭ്യമാക്കിയാണ് പാലം ഗതാഗതത്തിന് സജ്ജമാക്കുന്നത്.
ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേയ്ഡ് പാലം
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റ് രൂപരേഖ തയാറാക്കിയ പാലത്തിന് സംസ്ഥാനത്തെ ആദ്യ എക്സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേയ്ഡ് എന്ന നൂതന സാങ്കേതിക വിദ്യയാണുപയോഗിച്ചിരിക്കുന്ന്.
458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും പൂര്‍ത്തിയാകുന്ന പാലത്തിന് നദിയില്‍ തൂണുകള്‍ നല്‍കാതെ 70 മീറ്റര്‍ നീളമുള്ള സെന്റര്‍ സ്പാനാണുള്ളത്. 42 മീറ്റര്‍ നീളമുള്ള രണ്ടും 24.5 മീറ്റര്‍ നീളമുള്ള രണ്ടും 12 മീറ്റര്‍ നീളമുള്ള 17 ഉം 19.8 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളുമാണ് പാലത്തിനുള്ളത്.
പ്രീ ട്രെസ്ഡ് ബോക്സ് ഗര്‍ഡറും കേബിള്‍ സ്റ്റേയ്ഡും ചേര്‍ന്നുള്ള നിര്‍മാണമാണിത്. ദേശീയപാത 66ന് സമാന്തരമായി തോട്ടപ്പള്ളി കൊട്ടാരവളവില്നിന്ന് കിഴക്കോട്ട് തിരിഞ്ഞ് നാലുചിറപാലം കടന്നാല്‍ നിര്‍മാണം പുരോഗമിക്കുന്ന കൊട്ടാരവളവ് ബൈപ്പാസിലെത്താം. ഇതുവഴി കരുമാടി ജംഗ്ഷനിലും അവിടെനിന്ന് കിഴക്കോട്ട് തിരുവല്ലയിലേക്കോ, പടിഞ്ഞാട്ട് ദേശീയപാതയിലേക്കോ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.
കാര്‍ഷിക-വിനോദ സഞ്ചാര മേഖലക്ക് പാലത്തിന്റെ നിര്‍മാണം കരുത്തേകും. തോട്ടപ്പള്ളിയിലേയും കരുവാറ്റയിലേയും ഏക്കറുകണക്കിന് കരിനില പാടശേഖരങ്ങളില്‍ കൃഷി സുഗമമാക്കുന്നതിനും കാര്‍ഷികോത്പ ന്നങ്ങള്‍ റോഡുമാര്‍ഗം എത്തിക്കുന്നതിനും പാലം സഹായകരമാകും.
പാടശേഖരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമീണാന്തരീക്ഷത്തിലുള്ള യാത്ര ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്കും മുതല്‍ക്കൂട്ടാകും.