ലക്ഷങ്ങൾ മുടക്കിയിട്ടും ഉപയോഗമില്ലാതെ കായംകുളം നഗരസഭാ കൗൺസിൽ ഹാൾ
1490955
Monday, December 30, 2024 4:56 AM IST
കായംകുളം: നഗരസഭാ കെട്ടിടത്തിനു മുകളില്‍ ലക്ഷങ്ങള്‍ മുടക്കി കൗണ്‍സില്‍ ഹാള്‍ നിര്‍മിച്ചെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വെറുതെ കിടക്കുന്നു. നഗരസഭ കൗണ്‍സില്‍ ഹാള്‍ മദ്യക്കുപ്പികളുടെ ഗോഡൗണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അഴിമതി നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീര്‍ണിച്ച കെട്ടിടത്തിനു മുകളില്‍ എട്ടുവര്‍ഷം മുമ്പ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൗണ്‍സില്‍ ഹാള്‍ നിര്‍മിച്ചത്. ലിഫ്റ്റ് അടക്കം സ്ഥാപിച്ച ഹാള്‍ ഒരിക്കല്‍ പോലും ഉപയോഗിക്കാനായില്ല. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടവും പ്രവര്‍ത്തനരഹിതമായ ലിഫ്റ്റും നോക്കുകുത്തിയായ സ്ഥിതിയിലാണ്.
ലിഫ്റ്റിന്റെ പാര്‍ശ്വഭിത്തികള്‍ പൊട്ടിയതിനാല്‍ ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. അഗ്നിരക്ഷാ സംഘത്തിന്റെ ഫയര്‍ എന്‍ഒസിയില്ലാതെ ലിഫ്റ്റ് സ്ഥാപിച്ചത് അന്നേ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് 2021-22ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍മാണത്തിലെ വീഴ്ചകളും ക്രമക്കേടും ചൂണ്ടികാട്ടിയത്.
ദീര്ഘവീക്ഷ്ണമില്ലാത്ത പദ്ധതികളിലൂടെ കോടികളുടെ വരുമാന നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഭരണ നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടികാട്ടിയ റിപ്പോര്‍ട്ട് വര്‍ഷങ്ങളായിട്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്തിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഈ കെട്ടിടത്തിലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് ചെയര്‍പേഴ്സന്റെ മുറി നവീകരിച്ചത്.
ഇതിനു മുന്നില്‍ വിവിധ സെക്ഷനുകളിലെ കാണാതായ ഫയലുകളും മറ്റും കൂട്ടിയിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിന് ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.