കാട്ടുപന്നികളെ തുരത്താൻ മറ്റപ്പള്ളിയിൽ സോളാർ വേലി
1490746
Sunday, December 29, 2024 5:21 AM IST
ചാരുംമൂട്: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി ഏലായിലും മുടയാറയ്ക്കൽ കഞ്ചുകോട് ഏലായിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ പന്നികളെ തുരത്താൻ സോളാർ വേലി സ്ഥാപിക്കുന്നു. ജനുവരി ഒന്നു മുതൽ സോളാർ വേലി പ്രവർത്തിച്ചു തുടങ്ങും.
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചു. കൂട്ടത്തോടെയെത്തിയ പന്നിക്കൂട്ടങ്ങൾ നൂറുകണക്കിനു മരച്ചീനി, വാഴ, ചേമ്പ്, കാച്ചിൽ, ചേന തുടങ്ങിയവയാണ് നശിപ്പിച്ചത്. 2018-ലുണ്ടായ പ്രളയത്തിനുശേഷം ആദ്യം കാട്ടുപന്നികൾ എത്തിയത് മറ്റപ്പള്ളിയിലായിരുന്നു. കിഴക്ക് വനപ്രദേശങ്ങളിൽനിന്നും പ്രളയത്തിൽ ആറ്റിൽക്കൂടിയും മറ്റും ഇവ ഒഴുകിയെത്തിയതാണെന്നാണ് കരുതപ്പെടുന്നത്.
മാസങ്ങളായി മറ്റപ്പള്ളിയിൽനിന്ന് ഇവ മറ്റു പ്രദേശങ്ങളിലേക്കു മാറിയിരുന്നു. മറ്റപ്പള്ളി, ഉളവുക്കാട്, കാവുമ്പാട്, കഞ്ചുകോട്, പയ്യനല്ലൂർ വാർഡുകളിൽ സോളാർ വേലികൾ സ്ഥാപിക്കുന്നതിനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.
ഇതിനായി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മറ്റപ്പള്ളി ഏലായിൽ സോളാർ വേലി സ്ഥാപിച്ചു തുടങ്ങി കൃഷിയിടത്തിനു ചുറ്റും ഇരുമ്പുതൂണുകൾ സ്ഥാപിച്ചശേഷം അടിഭാഗം കോൺ ക്രീറ്റുചെയ്ത് ഉറപ്പിക്കും. ഇരുമ്പുതൂണുകളിൽക്കൂടി നാലുവരിയായി ജിഐ കമ്പികൾ വലിക്കും. ഇതിൽക്കൂടി സോളാർ പാനലിൽനിന്നുള്ള 10,000 വോൾട്ട് ഡിസി വൈദ്യുതി കടത്തിവിടും.
കാട്ടുപന്നികൾ കമ്പികളിൽ മുട്ടുമ്പോൾ ചെറിയ പെരുപ്പുണ്ടായി അകന്നുമാറും. പകൽ സമയം പ്രദേശത്തെ കാടുകളിലും കനാലുകളിലും ആൾത്താമസമില്ലാത്ത പുരയിടങ്ങളിലും വസിക്കുന്ന പന്നികൾ രാത്രിയിലിറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. ആദ്യഘട്ടമായി മറ്റപ്പള്ളി ഏലായിലെ 45 ഏക്കർ പ്രദേശത്തെ സോളാർ വേലിയുടെ നിർമാണം ആണ് ആരംഭിച്ചത്.