അമ്മയുടെ മരണാനന്തരച്ചടങ്ങിനു തലേന്ന് മകൻ അപകടത്തിൽ മരിച്ചു
1490742
Sunday, December 29, 2024 5:21 AM IST
ഹരിപ്പാട്: അമ്മയുടെ മരണാനന്തര ചടങ്ങിനു തലേന്ന് മകൻ അപകടത്തിൽ മരിച്ചു.ആറാട്ടുപുഴ മംഗലംമനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷ് (43) ആണ് ബൈക്കുകൾ തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെ തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ കുറിച്ചിക്കൽ ജംഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം.
അമ്മ സുഭാഷിണിയുടെ പതിനാ റടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്.ഇതിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽനിന്നു സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം.
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റെജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനായ നേരേശേരിൽ ഹുസൈന് (20) പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന കിഴക്കേ പാട്ടത്തിൽ ഫായിസ് (19), കരീലക്കുളങ്ങര കൊച്ചുവീട്ടിൽ പുത്തൻ കണ്ടതിൽ ഹർഷാദ് (17) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അനീഷിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്ര ഭരണസമിതി അംഗമാണ്. ഡ്രൈവറായ അനീഷ് അവിവാഹിതനാണ്. സഹോദരൻ: ശിവൻ.