പമ്പ സ്പെഷൽ സർവീസ് : കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ
1490729
Sunday, December 29, 2024 5:11 AM IST
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥടന കാലത്ത് ചെങ്ങന്നൂര്‍ - പമ്പ സ്പെഷന്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിക്ക് അഞ്ചുകോടി രൂപ വരുമാനം. ഇക്കുറി ഇത് മുന്‍കാലത്തെ അപേക്ഷിച്ച് റിക്കാര്‍ഡ് കളക്ഷനാണ് ലഭിച്ചത്. വെള്ളിയാഴ്ചവരെ 3.30 ലക്ഷം ആളുകള്‍ യാത്ര ചെയ്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ വര്‍ധനയുണ്ടായിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
ദിവസം ശരാശരി 8,000 പേരാണ് പമ്പ സര്‍വീസിനെ ആശ്രയിച്ചത്. 55 ബസുകളാണ് ഉണ്ടായിരുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ ട്രിപ്പുകളുടെ എണ്ണം 180 മുതല്‍ 200 വരെയായിരുന്നു. സീറ്റുകള്‍ നിറയുന്നതിനനുസരിച്ച് സര്‍വീസ് വിടുന്ന വിധത്തിലാണ് ക്രമീകരിച്ചത്. സ്പെഷല്‍ തീവണ്ടികളുടെ സമയക്രമത്തിനനുസരിച്ച് 10 മുതല്‍ 12 ബസുകള്‍വരെ സര്‍വീസിനു തയാറാക്കി നിര്‍ത്തിയിരുന്നു.
മകരവിളക്കിന് ഇപ്പോഴുള്ള 55 ബസുകള്‍ കൂടാതെ 15 ബസുകള്‍കൂടി അധികമായും കൂടുതല്‍ ജീവനക്കാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ മറ്റു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ആളില്ലാത്തതിന്റെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രധാനമായും കണ്ടക്ടര്‍മാരുടെ കുറവാണുള്ളത്.